കണ്ണൂർ: ഇടുക്കി പൈനാവ് ഗവ. എഞ്ചിനിയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജൻമനാടായ കണ്ണൂർ തളിപ്പറമ്പിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ, സിപിഎം പ്രവർത്തകർ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. അതേസമയം, തളിപ്പറമ്പ് നഗരസഭാ പരിധിയിൽ ഇന്ന് വൈകിട്ട് നാല് മുതൽ ഹർത്താൽ ആചരിക്കും.
ധീരജിന്റെ മൃതദേഹം ഇന്ന് വൈകിട്ടോടെ ജൻമനാട്ടിൽ എത്തിക്കും. ഇടുക്കിയിൽ നിന്ന് കൊണ്ടുവരുന്ന മൃതദേഹം മാഹി പാലത്തിൽ നിന്ന് ജില്ലയിലെ പ്രവർത്തകർ ഏറ്റുവാങ്ങി തലശ്ശേരി, മീത്തലെതൊടിക, മുഴപ്പിലങ്ങാട് കുളംബസാർ, തോട്ടട, താഴെചൊവ്വ, കണ്ണൂർ തെക്കിബസാർ, പുതിയതെരു, പാപ്പിനിശ്ശേരി, കല്യാശ്ശേരി, ധർമശാല എന്നിവിടങ്ങളിൽ ആംബുലൻസിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കും.
തളിപ്പറമ്പിലെ ഏരിയാ കമ്മിറ്റി ഓഫിസിലെ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. വീടിനടുത്തുള്ള സ്‌ഥലത്താണ് സംസ്‌കാരം. അതേസമയം, വൈകിട്ട് നാലുമുതൽ തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ ധീരജിന്റെ ചിത്രത്തിന് മുന്നിൽ ആദരാഞ്‌ജലി അർപ്പിക്കാനും സൗകര്യം ഒരുക്കും. ഇന്ന് വൈകിട്ട് നാലുമുതൽ ആഹ്വാനം ചെയ്‌ത ഹർത്താലിൽ നിന്ന് മെഡിക്കൽ ഷോപ്പുകളെയും ഹോട്ടലുകളെയും ഒഴിവാക്കിയിട്ടുണ്ട്.
Most Read: കോവിഡ് കേസുകൾ കൂടുന്നു; സംസ്‌ഥാനത്ത് സാംപിൾ പരിശോധന കുറയുന്നു






































