ന്യൂഡല്‍ഹി: കിഫ്ബിക്കെതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ വ്യക്തമാക്കി. 250 കോടി യെസ് ബാങ്കില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കിഫ്ബിയുടെ യെസ് ബാങ്ക് നിക്ഷേപത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയെന്ന് കേന്ദ്ര ധനമന്ത്രി അനുരാഗ് സിങ് താക്കൂറാണ് വെളിപ്പെടുത്തിയത്. രാജ്യസഭയില്‍ ജാവേദ് അലി ഖാന്‍ എംപിയുടെ ചോദ്യത്തിനാണ് അനുരാഗ് രേഖാമൂലം മറുപടി നല്‍കിയത്. 250 കോടിയുടെ നിക്ഷേപ ക്രമക്കേട് ആരോപിച്ച് കിഫ്ബിക്കെതിരെയും ഐആര്‍ഡിഎഐ മുന്‍ ചെയര്‍പേഴ്‌സണെതിരെയും പരാതി ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യമാണ് ജാവേദ് ഉന്നയിച്ചത്. അന്വേഷണം ആരംഭിച്ചതായി ഇ.ഡി അറിയിച്ചെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ കഴിയില്ലെന്നും അനുരാഗ് പ്രതികരിച്ചു.
കിഫ്ബിക്കെതിരെയും സി.ഇ.ഒ ക്കെതിരെയും ഇ.ഡിക്ക് പരാതി ലഭിച്ചിരുന്നു എന്ന് ധനമന്ത്രാലയത്തിന്റെ മറുപടിയില്‍ വ്യക്തമാക്കി. അന്വേഷണത്തെ ബാധിക്കുന്നത് കൊണ്ടാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാത്തത്. കിഫ്ബിക്ക് യെസ് ബാങ്കില്‍ 268 കോടി രൂപ നിക്ഷേപം ഉണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു. ഇത് സത്യമല്ലെന്നാണ് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയത്. ബാങ്കിന്റെ റേറ്റിങ് ഇടിഞ്ഞത് കാരണം കഴിഞ്ഞ ഒക്ടോബറില്‍ പണം പിന്‍വലിച്ചു എന്നും തോമസ് ഐസക് പറഞ്ഞിരുന്നു.
പ്രസ്തുത വിഷയത്തില്‍ കിഫ്ബിയുടെ എം. ഡി. ഇന്ന് നടത്തിയ പത്രസമ്മേളനത്തിൻറെ വീശദാംശങ്ങൾ വാര്‍ത്തയായി പ്രതീക്ഷിക്കുന്നു.