ന്യൂഡല്‍ഹി: വിവിധ വെബ് സൈറ്റുകളിലൂടെ വ്യാജ സ്കീം പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച ഡല്‍ഹിയിലാണ് സംഭവം. ‘പ്രധാന് മന്ത്രി ശിശു വികാസ് യോജന’ എന്ന പേരിലാണ് വെബ്സൈറ്റുകളില്‍ വ്യജസ്കീമിന്റെ നടപടികള്‍ നടന്നു കൊണ്ടിരുന്നത്. ദേശീയ ആരോഗ്യ അതോറിറ്റി ഡയറക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ സെല്ലിലെ സൈബര്‍ ക്രൈം യൂണിറ്റിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രജിസ്ട്രേഷന്റെ പേരിലും കുട്ടികളുടെ ഇന്‍ഷുറന്‍സിന്റെ പേരിലുമാണ് പണം പിരിച്ചത്. പതിനയ്യായിരത്തിലധികം ആളുകളാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്ത് കബളിപ്പിക്കപ്പെട്ടത്. പഞ്ചായത്ത് തലം വരെ ഇതിന് ഏജന്റുമാരുണ്ടെന്നും അത്രയും വലിയ നെറ്റ് വര്‍ക്കാണ് ഇതെന്നും പൊലീസ് പറഞ്ഞു.
അന്വേഷണത്തിനിടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബിഹാറിലെ പാട്നയില്‍ നിന്നുള്ള നീരജ് പാണ്ഡെ (28), ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ നിന്നുള്ള ആദര്‍ശ് യാദവ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു. ആളുകള്‍ രജിസ്റ്റര്‍ ചെയ്ത ഡാറ്റാബേസ് വച്ച് ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ആശുപത്രികളില്‍ നിന്നും ഇവര്‍ കമ്മീഷന് വാങ്ങുകയും ചെയ്തു. ഇതിനകം രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്ക് മറ്റ് വ്യാജപദ്ധതികള്‍ പരിചയപ്പെടുത്തി അവരെ വീണ്ടും ചതിയില്പ്പെടുത്താന് ആയിരുന്നു ഇവരുടെ ആലോചന.
പദ്ധതിയില്‍ പരമാവധി കുട്ടികളെ ചേര്‍ക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലുടനീളം സംസ്ഥാനതലങ്ങളില്‍ ഇവര്‍ മേധാവികളെ നിയമിച്ചു. അവര്‍ ജില്ലാ മേധാവികളെയും ഓരോ മേഖലയില്‍ ആളുകളെയും നിയമിച്ചു. ജില്ലാ മേധാവികള്‍ നിയോഗിച്ച ഏജന്റു മാര്‍ പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുകയും ഗ്രാമീണ മേഖലകളില്‍ മീറ്റിംഗുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. തങ്ങളുടെ വ്യാജ പദ്ധതികള്‍ കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് സാധാരണ ആളുകളെ പറഞ്ഞുവിശ്വസിപ്പിച്ചു. ഒരു കുട്ടിക്കായി രക്ഷിതാവില്‍ നിന്ന് 250 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഒരു കുട്ടിക്ക് 50 രൂപ കമ്മീഷന് എന്ന നിരക്കില്‍ ആയിരുന്നു ഏജന്റിന് ലഭിച്ചിരുന്നത്.
കേരളം, തമിഴ്നാട്, ഹരിയാന, ഗുജറാത്ത്, പഞ്ചാബ്, ജമ്മു കശ്മീര്‍, മധ്യപ്രദേശ്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാന്, അസം, അരുണാചല്‍ പ്രദേശ്, മിസോറാം, സിക്കിം, മേഘാലയ, ത്രിപുര, നാഗാലാന്‍ഡ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇവരുടെ നെറ്റ് വര്‍ക്ക് വ്യാപകമാണ്. കേസിലെ മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണങ്ങള്‍ നടക്കുകയാണ്.