കോഴിക്കോട്: ഓൺലൈൻ വ്യാപാരത്തിൽ പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് കോഴിക്കോട് സ്വദേശിയിൽ നിന്നും 5.20 കോടി രൂപ തട്ടിയ കേസിൽ പ്രതി അറസ്‌റ്റിൽ. മലപ്പുറം വക്കല്ലൂർ പുളിക്കൽ വീട്ടിൽ ഫൈസൽ ബാബുവിന്റെ ഭാര്യ സ്വദേശിനി ഫാത്തിമ സുമയ്യ (25) ആണ് ബെംഗളൂരുവിൽ അറസ്‌റ്റിലായത്.
സത്യജിത്ത് എന്ന വ്യക്‌തിയിൽ നിന്ന് പണം കൈക്കലാക്കിയ ശേഷം തിരിച്ചുനൽകാതെ വഞ്ചിച്ചതിന് പന്തീരങ്കാവ് പൊലീസ് സ്‌റ്റേഷനിലാണ് 6 മാസം മുൻപ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നത്. 2023 ഒക്‌ടോബർ മുതലാണ് പലതവണയായി പരാതിക്കാരൻ ഓൺലൈൻ സ്‌റ്റോക്ക് ട്രേഡിങിൽ നിക്ഷേപിക്കാൻ എന്ന പേരിൽ സുമയ്യയുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത്. അറസ്‌റ്റിലായ പ്രതിയെ കോഴിക്കോട് എത്തിക്കുകയും ഇന്ന് കോടതിയിൽ ഹാജരാക്കുകയും കോടതി ജാമ്യം നൽകുകയും ചെയ്‌തു.
കേസിൽ ഭാര്യയും ഭർത്താവും ഉൾപ്പടെ രണ്ടു പ്രതികളാണുള്ളത്. പണം തട്ടിയശേഷം വിദേശത്തേക്ക് മുങ്ങിയ ഭർത്താവിന് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ, ബുധനാഴ്‌ച ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഗൾഫിലുളള ഭർത്താവിന്റെ അരികിലേക്ക് ഒളിച്ചു കടക്കാനുള്ള ശ്രമത്തിനിടിയിലാണ് സുമയ്യ പിടിലായത്. കേസിലെ മറ്റൊരു പ്രതിയായ ഫാത്തിമയുടെ ഭർത്താവ് ഫൈസൽ ബാബു വിദേശത്താണ്. ഇയാളെ പിടികൂടുന്നതിനുള്ള നടപടികൾ തുടരുകയാണ്.
എന്നാൽ, ഇതൊരു തട്ടിപ്പു കേസല്ലെന്നും സുമയ്യയുടെ ഭർത്താവും സത്യജിത്തും തമ്മിലുള്ള ‘ഓൺലൈൻ ഫിനാൻഷ്യൽ ട്രേഡിങ്’ ബിസിനസ് ഇടപാടാണെന്നും ഇതിൽ വന്ന നഷ്‌ടമാണ് കേസിന് ആധാരമെന്നും ഇതിൽ തന്നെ മൂന്നിലൊന്നു തിരികെ നൽകിയിട്ടുണ്ടെന്നും ബാക്കി വരുന്നത് കോടതി വിധിയനുസരിച്ചു നൽകാൻ ഭർത്താവ് തയാറാണെന്നും ഇവരുടെ വക്കീൽ അറിയിച്ചു.
THRISSUR | അടിമുടി മാറി തൃശൂരിലെ ആകാശപ്പാത; നാളെ വീണ്ടും തുറക്കും