വാഷിങ്ടൺ: മുൻ അർജന്റീന, എസ്റ്റുഡിയന്റ്സ് ക്ളബ് പരിശീലകനായ അലജാൻഡ്രോ ജാവിയർ സാബെല്ല അന്തരിച്ചു. 66 വയസായിരുന്നു. കാൻസർ, ഹൃദസംബന്ധമായ പ്രശ്നങ്ങൾ എന്നിവയെ തുടർന്ന് ദീർഘകാലമായി ചികിൽസയിലായിരുന്നു അദ്ദേഹം. അടിയന്തര ശസ്ത്രക്രിയക്ക് വേണ്ടി നവംബർ 26നാണ് സാബെല്ലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പിന്നീട്, ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും അണുബാധ ഉണ്ടായതിനെ തുടർന്ന് രണ്ടാഴ്ചയോളം ഐസിയുവിൽ തന്നെ തുടർന്നു. ചൊവ്വാഴ്ച അദ്ദേഹത്തിന്റെ ആരോഗ്യനില വീണ്ടും മോശമാവുകയായിരുന്നു. 2020ൽ ഫുട്ബോൾ ലോകം നേരിട്ട മറ്റൊരു കനത്ത നഷ്ടമാണ് സാബെല്ലയുടെ വിയോഗം. ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ച് രണ്ടാഴ്ചക്കുള്ളിലാണ് സാബെല്ലയുടെ മരണം. 1980കളിൽ അർജന്റീന ദേശീയ ടീമിനായി സാബെല്ലയും മറഡോണയും ഒന്നിച്ച് കളിച്ചിട്ടുണ്ട്.
Also Read: മകന്റെ മോചനം ആവശ്യപ്പെട്ട് പേരറിവാളന്റെ മാതാവ് സുപ്രീം കോടതിയിലേക്ക്
ഉന്നതനിലയിൽ നിയമപഠനം പൂർത്തിയാക്കിയെങ്കിലും സാബെല്ല തിരഞ്ഞെടുത്തത് ഫുട്ബോളായിരുന്നു. 1970കളിൽ റിവർ പ്ളേറ്റിലൂടെയാണ് അദ്ദേഹം വരവറിയിച്ചത്. പിന്നീട് യുകെയിലെ ഷെഫീൽഡ് യുണൈറ്റഡിലേക്ക് ചേക്കേറിയ സാബെല്ല ഇംഗ്ളീഷ് ലീഗിൽ കളിക്കുന്ന ആദ്യ ദക്ഷിണ അമേരിക്കൻ താരമായും സാബെല്ല മാറി. ഷെഫീൽഡിൽ നിന്ന് ലീഡ്സിലെത്തിയ അദ്ദേഹം 1982ലാണ് വീണ്ടും അർജന്റീനയിലേക്ക് തിരിച്ചെത്തിയത്. പിന്നീട്, 2009ൽ അർജന്റീന ക്ളബിന്റെ മാനേജരായ അദ്ദേഹം 2011ൽ ക്ളബിന്റെ പരിശീലകനായി. 2014ലെ ലോകകപ്പിൽ അർജന്റീനയെ ഫൈനലിൽ എത്തിച്ചത് സാബെല്ലയാണ്.


































