ഗോവ: ഈ വർഷത്തെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) മാറ്റമില്ലാതെ നടക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. നവംബർ അവസാന വാരത്തിലാണ് സാധാരണയായി ചലച്ചിത്രമേള നടക്കുന്നത്. ഇത്തവണയും മുൻവർഷങ്ങളിലേത് പോലെ നവംബറിൽ തന്നെ മേള നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ മേള നടത്തുന്നതിൽ പ്രതിപക്ഷം എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
രാജ്യത്ത് കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഐഎഫ്എഫ്ഐ നടത്തുന്നത് പ്രായോഗികമല്ലെന്ന വാദത്തിലാണ് പ്രതിപക്ഷം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്രമേള മാത്രമല്ല സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അതിനാൽ തന്നെ മേള നടത്താൻ തീരുമാനിച്ചതിൽ നിന്നും സർക്കാർ പിന്മാറണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഒപ്പം തന്നെ ഇപ്പോഴത്തെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ പറ്റിയും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി മോശമാണെന്നും അതിനൊപ്പം ചലച്ചിത്ര മേള നടത്തുന്നത് പ്രായോഗികമല്ലെന്നുമാണ് അവരുടെ വാദം. 20 മുതൽ 25 കോടി രൂപയാണ് ഓരോ വർഷവും ഐഎഫ്എഫ്ഐക്കായി ചിലവഴിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പുറമെ നിന്നുള്ള സാമ്പത്തിക സഹായം ഇല്ലാതെ മേള നടത്താൻ സാധിക്കില്ലെന്നും പ്രതിപക്ഷം പറഞ്ഞു. ഒപ്പം തന്നെ രാജ്യം വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മേളകളും ആഘോഷങ്ങളും ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് ദിഗംബർ കമ്മത്ത് ട്വിറ്ററിലൂടെ അറിയിച്ചു.







































