സസ്‌പെന്‍സുകള്‍ നിറച്ച് ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രം ‘സി യു സൂണ്‍’ ഒഫീഷ്യല്‍ ട്രെയ്ലര്‍ പുറത്തുവിട്ടു. ആമസോണ്‍ പ്രൈമിലൂടെയാണ് ട്രെയ്ലര്‍ റിലീസ് ചെയ്തത്.ലോക്ഡൗണ്‍ കാലത്ത് പുതിയ വെല്ലുവിളികള്‍ ഏറ്റെടുത്ത് കൊണ്ട് പൂര്‍ണമായും ഐ ഫോണിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഫഹദിന്റെ കൊച്ചിയിലെ ഫ്‌ളാറ്റാണ് പ്രധാന ലൊക്കേഷന്‍.
ടേക്ക് ഓഫ്, മാലിക്ക് എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ട്‌കെട്ടില്‍ ഒരുങ്ങിയ ചിത്രം എന്ന പ്രത്യേകത കൂടി സി യു സൂണിനുണ്ട്. മഹേഷ് നാരായണന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഫഹദും നസ്രിയയും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. ഷൈജു കുറുപ്പ്, മാല പാര്‍വതി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം ഓണ്‍ലൈന്‍ ബന്ധത്തെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് പ്രമേയമാക്കിയിരിക്കുന്നത്. ക്രൂ ഇല്ലാതെ ഇന്‍ഡോര്‍ ലൊക്കേഷനുകളില്‍ ഒരുക്കിയ ചിത്രത്തിന് ഫീച്ചര്‍ സിനിമകളുടെ ദൈര്‍ഘ്യം ഇല്ലെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ട്രെയ്ലര്‍ റിലീസ് ചെയ്തപ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സൂഫിയും സുജാതക്കും ശേഷം ഒടിടി റിലീസിന് ഒരുങ്ങുന്ന മലയാളം ചിത്രമാണ് സി യു സൂണ്‍. ആമസോണ്‍ പ്രൈമിലൂടെ സെപ്തംബര്‍ ഒന്നിന് സിനിമ റിലീസ് ചെയ്യും.