ന്യൂയോര്‍ക്ക്: നവജാതശിശുക്കള്‍ക്ക് കോവിഡ് ബാധിതരായ അമ്മമാരില്‍നിന്ന് രോഗം പകരാനുള്ള സാധ്യത കുറവെന്ന് പഠനം. യു. എസിലെ കൊളംബിയ യൂണിവേഴ്‌സിറ്റി ഇര്‍വിങ് മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ജമാ പീഡിയാട്രിക്‌സ് ജേണലില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
കോവിഡ് ബാധിതരായ 101 അമ്മമാരില്‍ മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 24 വരെയാണ് ഗവേഷകര്‍ പഠനം നടത്തിയത്. പ്രസവശേഷം സാമൂഹിക അകലം പാലിച്ചാണ് കുട്ടികളെയും അമ്മമാരെയും ആശുപത്രിയില്‍ നിരീക്ഷണത്തിനായി പാര്‍പ്പിച്ചത്. മാത്രവുമല്ല ശുചിത്വം പാലിച്ച് മുലയൂട്ടുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അനുവദിക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍ ഗര്‍ഭാവസ്‌ഥയില്‍ അമ്മമാരില്‍നിന്ന് കുട്ടികളിലേക്ക് രോഗം പകര്‍ന്നതായി കണ്ടെത്തിയില്ലെന്ന് ഗവേഷകന്‍ സിന്ധ്യ ഗ്യാംഫി ബാനര്‍മാന്‍ പറഞ്ഞു. കുഞ്ഞുങ്ങളെല്ലാം പൂര്‍ണ ആരോഗ്യത്തോടെ തന്നെ ഉണ്ടെന്നും രണ്ടുപേര്‍ക്ക് മാത്രമാണ് കോവിഡ് സ്‌ഥിരീകരിച്ചതെന്നും അദ്ദേഹം വ്യക്‌തമാക്കി.
ശിശുക്കള്‍ക്ക് രോഗ പ്രതിരോധശേഷി കൂട്ടുന്നതിനായി ശുചിത്വത്തോടെയുള്ള മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കണമെന്ന് ഗ്യാംഫി ബാനര്‍മാന്‍ പറഞ്ഞു. കൂടാതെ അണുനശീകരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Read Also: സംസ്‌ഥാനത്ത് കനത്ത മഴ തുടരും; ശക്‌തമായ ഇടിമിന്നലിന് സാധ്യത








































