ന്യൂഡൽഹി: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്തംബര്‍ ഒന്നു മുതല്‍ തുറന്നേക്കും. ഇത് സംബന്ധിച്ച മാര്‍ഗരേഖ ഓഗസ്റ്റ് അവസാനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. സെപ്തംബർ ഒന്നിനും നവംബര്‍ 14 നും ഇടയില്‍ ഘട്ടം ഘട്ടമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനാണ് തീരുമാനം. അതേസമയം കോവിഡ് സാഹചര്യം കണക്കിലെടുത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയേക്കും.
10,11,12 ക്ലാസുകളായിരിക്കും ആദ്യം തുടങ്ങുക. തുടർന്ന് 6 മുതൽ 9 രെയുളള ക്ലാസുകൾ പ്രവർത്തിക്കാൻ അനുവദിക്കും. പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകൾ ഉടൻ ആരംഭിച്ചേക്കില്ല. കോവിഡിന് ശേഷം വിദ്യാലയങ്ങള്‍ വിജയകരമായി തുറന്ന് പ്രവര്‍ത്തിപ്പിച്ച സ്വിറ്റ്‌സര്‍ലാന്‍ഡ് മാതൃകയാകും ഇന്ത്യയിലും അനുവര്‍ത്തിക്കുക. രാവിലെ 8 മുതൽ 11വരെയും ഉച്ചക്ക് 12 മുതൽ മൂന്നുവരെയുമുള്ള രണ്ട് ഷിഫ്റ്റുകളായി ക്ലാസ് നടത്താനാണ് തീരുമാനം.
ക്ലാസുകളില്‍ കുട്ടികളെ ഇരുത്തുന്നത് സാമൂഹിക അകലം പാലിച്ച് ആയിരിക്കും. രണ്ട് കുട്ടികള്‍ തമ്മില്‍ ആറടി അകലത്തിൽ ഇരിക്കണമെന്ന് നിർദ്ദേശം നൽകിയേക്കും. ഒരു സമയം 33 ശതമാനം അദ്ധ്യാപക , അനദ്ധ്യാപക ജീവനക്കാരെ മാത്രമാകും സ്‌കൂളില്‍ അനുവദിക്കുക.