കണ്ണൂർ: തളിപ്പറമ്പ് നഗരസഭക്ക് ഹരിത കേരള മിഷന്റെ ശുചിത്വ പദവി. പ്ലാസ്റ്റിക് നിർമാർജനവും ശാസ്ത്രീയമായ രീതിയിലുള്ള മാലിന്യ സംസ്കരണവും അടക്കമുള്ള പദ്ധതികൾ പരിഗണിച്ചാണ് അംഗീകാരം.
സർക്കാർ തീരുമാനത്തിന് മുമ്പു തന്നെ തളിപ്പറമ്പ് നഗരസഭ പ്ലാസ്റ്റിക് നിർമാർജനം നടപ്പാക്കിയിരുന്നു. ഒപ്പം മാലിന്യ സംസ്കരണത്തിനുള്ള ശാസ്ത്രീയമായ രീതികളും വിജയകരമായി നടപ്പാക്കി. മറ്റ് തദ്ദേശ സ്ഥാപനങ്ങൾ മാലിന്യ സംസ്കരണത്തിന് ലക്ഷങ്ങൾ ചെലവഴിക്കുമ്പോൾ തളിപ്പറമ്പിൽ സീറോ ബജറ്റിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത് എന്നതാണ് ശ്രദ്ധേയം. ഇത് ഒരു വരുമാന മാർഗമാക്കി മാറ്റുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഇപ്പോൾ നഗരസഭയെ തേടിയെത്തിയത്. നിർമൽ ഭാരത് ചാരിറ്റബ്ൾ സൊസൈറ്റിക്കാണ് പദ്ധതിയുടെ ഏകോപന ചുമതല.
കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ സബ് കളക്ടർ എസ് ഇലക്യ പദവി പ്രഖ്യാപിച്ചു. നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം അദ്ധ്യക്ഷനായി.


































