സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങായി സി യു സൂണിന്റെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ വരുമാനത്തില്‍ നിന്നും 10 ലക്ഷം രൂപയാണ് ഫെഫ്കയുടെ ധന സഹായത്തിലേക്ക് ഫഹദും മഹേഷ് നാരായണനും നല്‍കിയത്. സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണനാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
മഹേഷ് നാരായണന് സംവിധാനം ചെയ്ത് ഫഹദ്, റോഷന് മാത്യു, ദര്‍ശന എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒടിടി പ്ലാറ്റ് ഫോമിലൂടെയാണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണം നേടിയ ചിത്രം ഫഹദ് തന്നെയായിരുന്നു നിര്‍മ്മിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം ഷൂട്ട് ചെയ്തത്.
ടേക്ക് ഓഫിന് ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിച്ച ചിത്രമായ ‘മാലിക്’ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ കോവിഡ് ബാധയെ തുടര്‍ന്ന് തീയേറ്ററുകള്‍ അടച്ചപ്പോള്‍ ചിത്രത്തിന്റെ റിലീസ് നീട്ടുകയായിരുന്നു. അതിന് ശേഷമാണ് ഇരുവരും ചേര്‍ന്ന് സി യു സൂണിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നത്.







































