പാലക്കാട്: പാലക്കാട് ഡിവിഷൻ പരിധിയിൽ ട്രെയിൻ തട്ടി മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഈ വർഷം ഒക്‌ടോബർ വരെ 107 പേരുടെ ജീവനാണ് ട്രാക്കിൽ പൊലിഞ്ഞത്. കഴിഞ്ഞ വർഷം ഇത് 104 ആയിരുന്നു. അപകടങ്ങൾ കൂടിയതോടെ റെയിൽവേ കർശന നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. റോഡ് ഓവർ ബ്രിഡ്‌ജുകളും സബ്‌വേകളും ഉപയോഗിക്കാതെ പാളത്തിലൂടെ കടക്കുന്നതാണ് അപകടങ്ങൾക്ക് കാരണമായി തീരുന്നത്. ഇതോടെയാണ് റെയിൽവേ കർശന നടപടി സ്വീകരിച്ചത്.
പാളത്തിൽ അതിക്രമിച്ച് പ്രവേശിക്കുന്നത് ആറ് മാസം വരെ തടവും ആയിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. ഈ വർഷം മാത്രം ട്രാക്കിൽ അതിക്രമിച്ച് കയറിയതിന്റെ പേരിൽ 1561 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. അതിവേഗത്തിൽ ട്രെയിനുകൾ ഓടുന്ന പാതകളാണ് പാലക്കാട് ഡിവിഷന് കീഴിൽ ഭൂരിഭാഗവും ഉള്ളത്. പോത്തന്നൂർ മുതൽ മംഗളൂരു വരെയുള്ള പ്രധാന പാതയിൽ മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത്തിലാണ് ട്രെയിനുകൾ ഓടുന്നത്.
മറ്റു പാതകളിലും മണിക്കൂറിൽ നൂറ് കിലോമീറ്റർ വരെ വേഗതയുണ്ട്. മിക്ക പാതകളിലും വൈദ്യുതീകരണം പൂർത്തിയായതോടെ ഇലക്‌ട്രിക് എഞ്ചിനുകൾക്ക് ശബ്‌ദം കുറവാണ്. ഇതും അപകടങ്ങൾക്ക് കാരണമായി തീരുന്നുണ്ട്. ട്രാക്ക് മുറിച്ചു കടക്കുന്നവർക്ക് എതിരെ തടവും പിഴയും അടക്കം കർശന നടപടികൾ സ്വീകരിക്കാനാണ് റെയിൽവേയുടെ തീരുമാനം. അപകടം കുറയ്‌ക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണം റെയിൽവേയ്‌ക്ക് വേണമെന്ന് പാലക്കാട് ഡിവിഷൻ മാനേജർ ത്രിലോക് കോത്താരി പറഞ്ഞു.
Most Read: കുണ്ടോടയിൽ വീണ്ടും കടുവ ഇറങ്ങിയതായി സൂചന; ആടുകളുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തി







































