ന്യൂഡെൽഹി: ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയായ നയ്ബ് സുബേദാർ എം ശ്രീജിത്തിന് മരണാനന്തര ബഹുമതിയായാണ് ധീരതയ്ക്കുള്ള ശൗര്യചക്ര പുരസ്കാരം നൽകി രാജ്യം ആദരിച്ചത്.
ശ്രീജിത്ത് ഉൾപ്പടെ അഞ്ച് സൈനികരാണ് മരണാനന്തര ബഹുമതിയായി ശൗര്യചക്രയ്ക്ക് അർഹരായത്. കഴിഞ്ഞ ജൂലൈയിലായിരുന്നു ഏറ്റുമുട്ടൽ. കൊയിലാണ്ടി പൂക്കാട് തിരുവങ്ങൂർ മാക്കാട് വൽസന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ: ഷജിന, മക്കൾ: അതുൽജിത്ത്, തൻമയ. സർവീസിലിരിക്കെ സേനാമെഡലും ശ്രീജിത്തിന് ലഭിച്ചിരുന്നു.
അതേസമയം, 2020 ഒക്ടോബർ 22ന് പമ്പയിൽ ഒഴുക്കിൽപ്പെട്ടയാൾക്കായുള്ള തിരച്ചിലിനിടെ റബർ ഡിങ്കി (ചെറുബോട്ട്) മറിഞ്ഞ് മരിച്ച പത്തനംതിട്ട ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ആർആർ ശരത്തിന് (30) സർവോത്തം ജീവൻരക്ഷാ പതക് ലഭിച്ചു. തിരുവനന്തപുരം ഒറ്റശേഖരമംഗലം മണലുവിളാകം ശരത് ഭവനിൽ രാജേശ്വരന്റെയും രത്ന കുമാരിയുടെയും മകനാണ്. ഭാര്യ: അഖില, മകൻ: അഥർവ്.
Also Read: ലോകായുക്ത ഓർഡിനൻസ്; ഗവർണറുടെ നിലപാട് നിർണായകം








































