തിരുവനന്തപുരം: സംസ്‌ഥാനത്ത് 2025ഓടെ മലമ്പനി നിവാരണം സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ നടക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. ജില്ലകളില്‍ മലമ്പനി നിവാരണം ഘട്ടംഘട്ടമായി സാധ്യമാക്കിയാണ് ഇത് സാക്ഷാത്ക്കരിക്കുന്നത് എന്നും മന്ത്രി വ്യക്‌തമാക്കി.
‘മലേറിയ നിര്‍മ്മാര്‍ജനം ലക്ഷ്യത്തിനരികെ’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഏപ്രില്‍ 25നാണ് ലോക മലമ്പനി ദിനാചരണം. നേരത്തെ കണ്ടുപിടിച്ചാല്‍ മലമ്പനി ചികിൽസിച്ച് ഭേദമാക്കാന്‍ സാധിക്കുമെന്നും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലോ രക്‌ത പരിശോധന നടത്തി സൗജന്യ, സമ്പൂര്‍ണ ചികിൽസ സ്വീകരിക്കാമെന്നും മന്ത്രി അറിയിച്ചു.
രോഗം പിടിപെടുന്നതെങ്ങനെ?
അനോഫിലിസ് വിഭാഗത്തില്‍പ്പെട്ട ക്യൂലക്‌സ് കൊതുകു വഴി പകരുന്ന ഒരു രോഗമാണ് മലമ്പനി. പ്ളാസ്‌മോഡിയം ജനുസില്‍പ്പെട്ട ഏകകോശ പരാഗ ജീവികളാണ് മലമ്പനിക്ക് കാരണമാകുന്നത്.
എന്തൊക്കെയാണ് രോഗ ലക്ഷണങ്ങൾ?
മലമ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍ പനിയും, വിറയലും, തലവേദനയുമാണ്. ദിവസങ്ങളോളം പനിയും, വിറയലും ആവര്‍ത്തിക്കുന്നത് മലമ്പനിയുടെ പ്രത്യേക ലക്ഷണമാണ്.
രോഗ നിര്‍ണയം
മലമ്പനി രോഗം സ്‌ഥിരീകരിക്കാന്‍ കഴിയുക രക്‌ത പരിശോധനയിലൂടെ മാത്രമാണ്. മലമ്പനിയാണ് എന്ന് അറിയാനുള്ള റാപ്പിഡ് ടെസ്‌റ്റ് (ബൈവാലെന്റ് ആര്‍ഡിടി) സംവിധാനവും നിലവിലുണ്ട്.
മലമ്പനിയെ എങ്ങനെ പ്രതിരോധിക്കാം?
- വീടിനു ചുറ്റും, പരിസരപ്രദേശങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക
- കിണറുകള്‍, ടാങ്കുകള്‍, വെള്ളം സംഭരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍ എന്നിവ കൊതുക് കടക്കാത്തവിധം കൊതുകുവല കൊണ്ടോ, തുണികൊണ്ടോ മൂടുക.
- കൊതുക് കടിക്കെതിരെ വ്യക്‌തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക- കൊതുകു വലക്കുള്ളില്‍ ഉറങ്ങുകയോ, കൊതുക് കടക്കാത്തവിധം ചെറിയ കണ്ണികളുള്ള കമ്പി വലകള്‍ ഉപയോഗിച്ച് വീടിന്റെ വാതിലുകളും ജനലുകളും അടക്കുകയോ ചെയ്യാം. കീടനാശിനികള്‍ മുക്കിയ കൊതുകു വലകളും ലഭ്യമാണ്.
- വീടിനു പുറത്തു കിടന്നുറങ്ങുന്ന ശീലം ഒഴിവാക്കണം.
- കൈകളും കാലുകളും നന്നായി മൂടുന്ന വസ്‌ത്രം ധരിക്കണം.
- കൊതുകുതിരികള്‍, തൊലിപ്പുറമേ പുരട്ടുന്ന കൊതുകുനിവാരണ ലേപനങ്ങള്‍ എന്നിവയുടെ ഉപയോഗം കൊതുക് കടിയില്‍ നിന്നും ഒരു പരിധിവരെ സംരക്ഷണം നല്‍കുന്നതാണ്.
അതേസമയം തദ്ദേശീയ മലമ്പനിയേക്കാള്‍ അന്യ സംസ്‌ഥാനത്തില്‍ നിന്നും വരുന്നവരിലും അവിടങ്ങളിൽ പോയി മടങ്ങി വരുന്നവരിലുമാണ് മലമ്പനി കൂടുതലായി കാണുന്നത്. അതിനാല്‍ ഇവരില്‍ പനിയുടെ ലക്ഷണം കാണുകയാണെങ്കില്‍ ഉടന്‍ തന്നെ മലമ്പനി പരിശോധനക്ക് വിധേയരാകേണ്ടതാണ് അത്യാവശ്യമാണ്. ഏതെങ്കിലും പ്രദേശത്ത് മലമ്പനി സ്‌ഥിരീകരിച്ചാല്‍ ഉടന്‍തന്നെ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് റിപ്പോര്‍ട് ചെയ്യണമെന്നും നിർദേശമുണ്ട്.
Read Also: കേരളത്തിൽ ശക്‌തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്





































