കോഴിക്കോട്: എൽഡിഎഫ് സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് ഒരുങ്ങി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയും. തീവ്രപരിചരണ വിഭാഗവും, അത്യാഹിത വിഭാഗവും ഉൾപ്പെടുന്ന സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, കാത്ത് ലാബ്, പിജി ഹോസ്റ്റൽ, കാൻസർ സെന്ററിലെ പുതിയ സർജിക്കൽ വാർഡ് തുടങ്ങിയ പദ്ധതികളാണ് കർമപരിപാടി മുഖേന പൂർത്തീകരിക്കാൻ തീരുമാനിച്ചത്.
പുതിയ കെട്ടിടത്തിൽ കൂടുതൽ സ്ഥല സൗകര്യങ്ങൾ ഉണ്ടാവും.അത്യാഹിത വിഭാഗം, ശസ്ത്രക്രിയ മുറികൾ എന്നിവ വിപുലീകരിച്ചാണ് നിർമ്മാണം നടത്തുന്നത്. മൂന്നു വർഷം മുൻപ് നിർമ്മാണം തുടങ്ങിയ പദ്ധതിയുടെ ആകെ ചിലവ് 195.5 കോടി രൂപയാണ്. ഡിസംബറിന് മുൻപ് പ്രവർത്തികൾ എല്ലാം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
കുറഞ്ഞ ചിലവിലുള്ള മികച്ച ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കാത്ത് ലാബ് പണികഴിപ്പിക്കുന്നത്. ആശുപത്രിയിലെ രണ്ടാമത്തെ കാത്ത് ലാബ് ആണ് ഉദ്ഘാടനം കാത്തിരിക്കുന്നത്. 5.11 കോടി രൂപയാണ് നിർമ്മാണ ചിലവ്. മലബാറിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ കോഴിക്കോട് മെഡിക്കൽ കോളേജിനെ പല ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് പേരാണ് ആശ്രയിക്കുന്നത്.







































