കണ്ണൂർ : ജില്ലയിലെ നഗരപ്രദേശത്തെ മാർക്കറ്റ് പരിസരങ്ങളിൽ നടന്നുവരുന്ന ഓടയുടെ പുനർനിർമാണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. പുനർനിർമാണം തടസപ്പെട്ടതിനാൽ ഓടകൾക്ക് സമീപമുള്ള വ്യാപാര സ്‌ഥാപനങ്ങൾ തുറക്കാൻ പറ്റാത്ത അവസ്‌ഥയിലാണെന്ന് വ്യാപാരികൾ വ്യക്‌തമാക്കി. എംഎ റോഡ്, മാർക്കറ്റ് റോഡ്, ബെല്ലാർഡ് റോഡ്, ഹാജി റോഡ് എന്നിവിടങ്ങളിലാണ് ഓവുചാൽ നിർമാണം പകുതിക്ക് വച്ച് തടസപ്പെട്ടത്.
ഇവിടങ്ങളിലെല്ലാം ഓടയ്‌ക്ക് മുകളിൽ സ്‌ഥാപിക്കാനുള്ള സിമന്റ് സ്ളാബുകൾ വാർത്ത് വച്ചിട്ടുണ്ടെങ്കിലും അവ ഇതുവരെ സ്‌ഥാപിച്ചിട്ടില്ല. കൂടാതെ നിലവിൽ ഓടകളിൽ മലിനജലം കെട്ടിക്കിടന്ന് വലിയ രീതിയിൽ ദുർഗന്ധവും ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിൽ വ്യാപാര സ്‌ഥാപനങ്ങൾ തുറക്കാൻ സാധിക്കുന്നില്ലെന്നാണ് വ്യാപാരികൾ പരാതി ഉന്നയിക്കുന്നത്.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ ഇന്ന് മുതൽ സംസ്‌ഥാനത്തെ വ്യാപാര സ്‌ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാൻ സാധിക്കും. എന്നാൽ നഗരത്തിലെ മിക്ക സ്‌ഥാപനങ്ങൾക്കും ഓടകളുടെ നിർമാണം തടസപ്പെട്ടതോടെ തുറന്നു പ്രവർത്തിക്കാൻ സാധിക്കാത്ത സ്‌ഥിതിയാണ്. അതിനാൽ ഓടകളുടെ നിർമാണം എത്രയും വേഗം പൂർത്തിയാക്കുന്നതിനും, പൂർത്തിയായ ഭാഗത്ത് സ്ളാബുകൾ ഇടുന്നതിനും നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി വ്യാപാരികൾ അധികൃതരെ സമീപിച്ചു.
Read also : കാട്ടുപന്നി വേട്ട; നാലംഗ സംഘത്തിലെ ഒരാൾ പിടിയിൽ




































