ന്യൂ ഡെല്‍ഹി: കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയുമായ ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ഹരജി ഡെല്‍ഹി ഹൈക്കോടതി തള്ളി. പത്ത് ദിവസത്തെ പൊലീസ് റിമാന്‍ഡിനിടെ ബന്ധുക്കളെ കാണാന്‍ അനുവദിക്കണം എന്നായിരുന്നു ഉമര്‍ ഖാലിദിന്റെ അപേക്ഷ. എന്നാല്‍ ഹരജി കോടതി തള്ളുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
രണ്ടു ദിവസങ്ങളിലായി അരമണിക്കൂര്‍ സമയത്തേക്ക് കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഉമര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ കുടുംബാംഗങ്ങളെ കാണാന്‍ അനുവദിച്ചാല്‍ അത് ചോദ്യം ചെയ്യലിനെ ബാധിക്കുമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് പറഞ്ഞു. കൂടാതെ കുടുംബാംഗങ്ങളെ എന്തെങ്കിലും അറിയാക്കാനുണ്ടെങ്കില് അത് അഭിഭാഷകന് മുഖേനെ ആകാമെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. അതേസമയം കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കാമെന്ന് പോലീസ് വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ പിന്നീട് അനുമതി റദ്ദാക്കുകയായിരുന്നു എന്നും ഉമറിന് വേണ്ടി ഹാജരായ ത്രിദീപ് പയസ് വ്യക്തമാക്കി.
ഡെല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സെപ്റ്റംബര്‍ 13-നാണ് ഉമര്‍ ഖാലിദിനെ പോലീസ് അറസ്റ്റ് ചെയ്തത്.
Read Also: പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള അവകാശം പരമമല്ല; സുപ്രീം കോടതി







































