തലശ്ശേരി: ഗോപാലപ്പെട്ട തീരത്ത് ഇന്നലെ ഉണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ ഫൈബർ തോണി തകർന്നു. തോണിയിൽ ഉണ്ടായിരുന്ന മൂന്ന് മൽസ്യ തൊഴിലാളികളെ നിസ്സാര പരിക്കുകളോടെ തീരദേശ പോലീസ് രക്ഷപ്പെടുത്തി. പെട്ടിപ്പാലം കോളനിയിലെ ഷംസുദ്ധീൻ (31), കൊല്ലം സ്വദേശികളായ പ്രഭാകരൻ (58), കുഞ്ഞാലി (57) എന്നിവരാണ് തോണിയിൽ ഉണ്ടായിരുന്നത്. ന്യൂമാഹി കല്ലായി അങ്ങാടിയിലെ ഹനീഫിന്റെ തോണിയാണ് തകർന്നത്.
ഗോപാലപ്പെട്ട തിരുവാണി ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തെ തീരത്തോട് ചേർന്നുള്ള കടൽ ഭാഗത്താണ് ഇന്നലെ ശക്തമായ കടൽക്ഷോഭം ഉണ്ടായത്. വടകര ചോമ്പാൽ ഹാർബറിൽ നിന്ന് ശനിയാഴ്ച പകൽ മീൻപിടിക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. മടങ്ങി വരുമ്പോൾ എൻജിൻ തകരാറിലായി ഇവർ ആഴക്കടലിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് തീരത്തേക്ക് കെട്ടിവലിക്കുന്നതിന് പിന്നാലെയാണ് ശക്തമായ തിരമാലയിൽപ്പെട്ട് തോണി തകർന്നത്.
തീരദേശ പോലീസ് തോണി കെട്ടിവലിച്ചാണ് തീരത്തേക്ക് എത്തിച്ചത്. ഗോപാലപേട്ടയിലെ പതിനഞ്ചോളം തൊഴിലാളികളും രക്ഷാദൗത്യത്തിൽ പങ്കെടുത്തു. പരിക്കേറ്റവരെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകി.
Read Also: ട്രെയിനിൽ വച്ച് യുവതിക്ക് നേരെ പീഡനശ്രമം; പ്രതി അറസ്റ്റിൽ




































