കണ്ണൂർ: ജില്ലയിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മെഗാ വാക്സിനേഷൻ ക്യാമ്പ് പുരോഗമിക്കുന്നു. മൂന്ന് ദിവസം കൊണ്ട് 21,68,725 പേർക്ക് വാക്സിൻ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് മെഗാ വാക്സിനേഷൻ നടത്തുന്നത്. ഇതിൽ 12,98,972 പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇത് ആകെ വാക്സിൻ സ്വീകരിക്കേണ്ടവരുടെ 60 ശതമാനമാണ്. 5,08,007 പേരാണ് രണ്ടാം ഡോസ് സ്വീകരിച്ചത്. ഇത് 23 ശതമാനമാണ്.
ജില്ലയിൽ ഇതുവരെ 18,06979 ഡോസ് വാക്സിൻ ആണ് വിതരണം ചെയ്തത്. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം 40,365 ആണ്. 34,864 പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിലെ 86 ശതമാനം ആരോഗ്യപ്രവർത്തകരും വാക്സിൻ സ്വീകരിച്ച് കഴിഞ്ഞു. ജില്ലയിലെ എല്ലാ കോവിഡ് മുന്നണി പോരാളികൾക്കും ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞു. അതേസമയം, ആരോഗ്യപ്രവർത്തകരിൽ ഭൂരിഭാഗം പേർക്കും കോവിഡ് ബാധിച്ചതോടെയാണ് ഇവർ രണ്ടാം ഡോസ് സ്വീകരിക്കാൻ വൈകുന്നത്.
ജില്ലയിൽ തിങ്കളാഴ്ച മാത്രം 45,866 ഡോസ് വാക്സിൻ ആണ് വിതരണം ചെയ്തത്. 42,982 പേർക്ക് ആദ്യ ഡോസും 2,884 പേർക്ക് രണ്ടാം ഡോസുമാണ് നൽകിയത്. സംസ്ഥാനത്ത് തിങ്കളാഴ്ച ഏറ്റവും കൂടുതൽ ഡോസ് വാക്സിൻ വിതരണം ചെയ്തതും കണ്ണൂർ ജില്ലയിലാണ്. സർക്കാരിന്റെ 120 വാക്സിനേഷൻ കേന്ദ്രങ്ങളും എട്ട് സ്വകാര്യ ആശുപത്രികളും ഉൾപ്പടെ ആകെ 128 വാക്സിനേഷൻ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്.
Read Also: ഓണക്കാലത്തും കടകൾ തുറക്കാൻ അനുമതി ഇല്ല; അമ്പലവയലിൽ വേറിട്ട പ്രതിഷേധവുമായി വ്യാപാരികൾ







































