കൊച്ചി: പൊതുസ്‌ഥലത്ത് മാലിന്യം തള്ളിയത് ചോദ്യം ചെയ്‌ത കോർപറേഷൻ കൗൺസിലറുടെ ഭർത്താവിനെ വാഹനമിടിപ്പിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. അപകടപ്പെടുത്താൻ ശ്രമിച്ച കാർ പോലീസ് പിടിച്ചെടുത്തു. പ്രതി ആനന്ദ് ഇപ്പോഴും ഒളിവിലാണ്. കൊച്ചി കോർപറേഷൻ യുഡിഎഫ് കൗൺസിലർ സുജയുടെ ഭർത്താവ് ലോനപ്പനെയാണ് അപായപ്പെടുത്താൻ ശ്രമിച്ചത്.
ഓഗസ്‌റ്റ് 19നാണ് കേസിനാസ്‌പദമായ സംഭവം. കൊച്ചി കടവന്ത്രയിൽ രാത്രി 9 മണിയോടെ മാലിന്യം തള്ളാനെത്തിയ കാർ ലോനപ്പൻ തടയുകയായിരുന്നു. വാക്കുതർക്കത്തിന് ഒടുവിൽ നിക്ഷേപിച്ച മാലിന്യം തിരികെയെടുപ്പിച്ച് കാറുടമയെ തിരിച്ചയക്കുകയും ചെയ്‌തു. എന്നാൽ, അൽപ സമയത്തിന് ശേഷം വാഹനവുമായി തിരികെയെത്തിയ പ്രതി ആനന്ദ് ലോനപ്പൻ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ കാറിടിച്ച് വീഴ്‌ത്തുകയായിരുന്നു. പരിക്കേറ്റ ലോനപ്പൻ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
പരാതിയെ തുടർന്ന് സൗത്ത് പോലീസ് വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചതും കാർ കണ്ടെത്തിയതും. കോർപറേഷൻ വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം വേർതിരിക്കുന്ന സ്‌ഥലത്ത് ആളുകൾ മാലിന്യം നിക്ഷേപിക്കുന്നത് പതിവായ സാഹചര്യത്തിലാണ് ലോനപ്പന്റെ നേതൃത്വത്തിൽ കാവലിരുന്നത്. ഇതിനിടെയായിരുന്നു അക്രമം.
Also Read: കിറ്റിലെ ഏലം നിലവാരം കുറഞ്ഞത്; അഴിമതി ആരോപണവുമായി വിഡി സതീശൻ






































