മാനന്തവാടി: കോവിഡ് കാലത്ത് കെഎസ്ആർടിസി ബസ് സർവീസുകൾ സംബന്ധിച്ച് സർവേ പുരോഗമിക്കുന്നു. ഓരോ ബസ് സർവീസുകളെ കുറിച്ചും, യാത്രക്കാരെ സംബന്ധിച്ചും വിശദമായ സർവേയാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച സർവേ സെപ്റ്റംബർ 26ന് പൂർത്തിയാകും.
ഓരോ റൂട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തെ കുറിച്ച് വിശദമായ വിവര ശേഖരണമാണ് ലക്ഷ്യമിടുന്നത്. എല്ലാ ദിവസവും രാവിലെ ആറ് മുതൽ പകൽ 11 വരെയും പകൽ 3 മുതൽ 7 വരെയുള്ള തിരക്കേറിയ സമയത്തെ കണക്കുകളും ശേഖരിക്കുന്നുണ്ട്.
ഓരോ പ്രദേശത്തേക്കും കെഎസ്ആർടിസി ബസ്, പ്രൈവറ്റ് ബസുകൾ, ഓട്ടോ-ടാക്‌സി വാഹനങ്ങൾ എന്നിവയിലെ യാത്രക്കാരുടെ എണ്ണവും പ്രത്യേകം ശേഖരിക്കുന്നുണ്ട്. വിവരശേഖരണം പൂർത്തിയാക്കുന്നതോടെ ഓരോ പോയിന്റുകളിലേക്കുള്ള സർവീസുകൾ കണ്ടെത്താൻ കഴിയും. മറ്റു വാഹനങ്ങളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണവും ശേഖരിക്കുന്നുണ്ട്.
നഷ്‌ടത്തിലായ യാത്രാ റൂട്ടുകളെ പ്രത്യേകം പരിഗണിച്ച് ലാഭത്തിലാക്കാൻ ഇതിലൂടെ കഴിയും. കോവിഡ് പ്രതിസന്ധിയിൽ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞെങ്കിലും പുതിയ സർവേയിലൂടെ കെഎസ്ആർടിസി മുഖം മിനുക്കാനും കൂടുതൽ ജനകീയമാക്കാനും കഴിയുമെന്നും കെഎസ്ആർടിസി ഡിപ്പോ അധികൃതർ പ്രതീക്ഷിക്കുന്നു.
Read Also: മുംബൈയിൽ നിർമാണത്തിലിരുന്ന മേൽപാലം തകർന്നു; 13 പേർക്ക് പരിക്ക്







































