തിരുവനന്തപുരം: ജില്ലയിലെ അമ്പൂരിയില്‍ തേക്കുപാറ കൊണ്ടകെട്ടി ഭാഗത്ത് ഉരുള്‍പൊട്ടല്‍. വനമേഖല ആയതിനാല്‍ ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല. അതേസമയം മലവെള്ളം ഒലിച്ചെത്തി സമീപ പ്രദേശങ്ങളിലെ വീടുകൾക്കും കൃഷിക്കും നാശം സംഭവിച്ചിട്ടുണ്ട്.
നേരത്തെ മണ്ണിടിച്ചില്‍, ഉരുള്‍ ഭീഷണി നേരിടുന്ന അമ്പൂരി, വാഴിച്ചല്‍ വില്ലേജുകളിലെ 50 കുടുംബങ്ങളെ ദുരിതാശ്വസ ക്യാംപുകളിലേക്ക് മാറ്റിയിരുന്നു. അമ്പൂരിയിലെ 23 കുടുംബത്തിലെ 55 പേരെയും വാഴിച്ചലിലെ 23 കുടുംബത്തിലെ 65 പേരെയുമാണ് യഥാക്രമം അമ്പൂരി സെന്റ് തോമസ് ഹൈസ്‌കൂള്‍, വാഴിച്ചല്‍ ഓക്‌സീലിയം സ്‌കൂള്‍ എന്നിവിടങ്ങളിലെ ക്യാംപുകളിലേക്ക് മാറ്റിയത്.
സികെ ഹരീന്ദ്രന്‍ എംഎല്‍എ ക്യാംപുകള്‍ സന്ദര്‍ശിച്ച് ഉദ്യോഗസ്‌ഥര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. ജില്ലയില്‍ റെഡ് അലര്‍ട് നിലനില്‍ക്കുന്നതിനാല്‍ മഴയുടെ ശക്‌തി നോക്കാതെ തന്നെ മണ്ണിടിച്ചില്‍, ഉരുള്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം കൊണ്ടകെട്ടി മലയില്‍ നിന്നുമുണ്ടായ കനത്ത വെള്ളപ്പാച്ചിലില്‍ സമീപ പ്രദേശങ്ങളിൽ കൃഷി നാശം ഉണ്ടായിട്ടുണ്ട്. പാറക്കഷ്‌ണങ്ങള്‍ ഉരുണ്ടെത്തി സമീപത്തെ വീടുകള്‍ക്കും സാരമായ കേടുപാടുകള്‍ പറ്റി. പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സാന്നിധ്യത്തില്‍ തഹസീല്‍ദാര്‍ ഉള്‍പ്പടെയുള്ള റവന്യൂ അധികാരികാരികള്‍ സ്‌ഥലത്തെത്തി.
Most Read: സംസ്‌ഥാനത്ത് ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം; ഉത്തരവിറക്കി






































