തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കാട്ടാക്കട സ്വദേശി ഗായത്രി ദേവിയാണ് മരിച്ചത്. ഗായത്രിയുടെ കൂടെ ഹോട്ടലിൽ മുറിയെടുത്ത പ്രവീൺ ഇന്ന് ഉച്ചയോടെ കൊല്ലം പരവൂർ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ പരവൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.
ഗായത്രിയെ ശ്വാസംമുട്ടിച്ചാണ് കൊലപെടുത്തിയതെന്ന് പ്രവീൺ കുറ്റം സമ്മതിച്ചിട്ടുണ്ട്. വാക്ക് തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്. യുവതിയുടെ മൃതദേഹം ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്‌റ്റുമോർട്ടത്തിനായി മാറ്റി. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് തമ്പാനൂർ അരിസ്‌റ്റോ ജങ്ഷനിലുള്ള ഹോട്ടൽ മുറിയിൽ ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 107ആം നമ്പർ മുറിയിൽ ഒരു സ്‌ത്രീ മരിച്ചതായി ഹോട്ടൽ റിസപ്ഷനിലേക്ക് 12.30 ഓടെ അജ്‌ഞാത കാൾ എത്തുകയായിരുന്നു.
തുടർന്ന് ജീവനക്കാർ അറിയിച്ചതോടെ പോലീസ് സ്‌ഥലത്തെത്തി മുറി തുറന്നു. കട്ടിലിൽ ആയിരുന്നു ഗായത്രിയുടെ മൃതദേഹം കിടന്നിരുന്നത്. ഇന്നലെ രാവിലെ പത്ത് മണിയോടെ പ്രവീൺ ആണ് മുറിയെടുത്തത്. 12 മണിയോടെ ഗായത്രിയും എത്തിയെന്നാണ് പോലീസ് പറയുന്നത്. വൈകിട്ട് അഞ്ചോടെ പ്രവീൺ പുറത്തേക്ക് പോയെങ്കിലും വന്നില്ല. തുടർന്ന് ഇന്ന് ഉച്ചയോടെ പ്രവീൺ പോലീസിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.
കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു ഇരുവരും. എട്ട് മാസം മുൻപ് ഗായത്രി ജോലി നിർത്തിയിരുന്നു. കഴിഞ്ഞ ദിവസം പ്രവീണിനെ തമിഴ്‌നാട്ടിലെ ഷോറൂമിലേക്ക് സ്‌ഥലം മാറ്റി. പ്രവീൺ തമിഴ്‌നാട്ടിലേക്ക് പോകുന്നതിന് മുമ്പാണ് ഇരുവരും ഇന്നലെ കണ്ടത് എന്നാണ് സൂചന. വിവാഹിതനായ പ്രവീണിന് രണ്ട് മക്കളുണ്ട്. ഗായത്രിയുമായുള്ള ബന്ധം അറിഞ്ഞതിനെ തുടർന്ന് പ്രവീണിന്റെ വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം.
പ്രവീണിന്റെ ഭാര്യയുടെ പരാതിയെ തുടർന്നാണ് ഗായത്രിയെ ജ്വല്ലറിയിൽ നിന്നും മാറ്റിയതെന്നാണ് വിവരം. പ്രവീണും ഗായത്രിയും പള്ളിയിൽ വെച്ച് താലി കെട്ടുന്ന ഫോട്ടോകളും പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രവീൺ തന്നെയാണ് ഇന്നലെ ഗായത്രിയുടെ മരണവിവരം വിളിച്ചറിയിച്ചത് എന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവ സ്‌ഥലത്ത് സിറ്റി പോലീസ് കമ്മീഷണർ അടക്കമുള്ള ഉന്നത പോലീസ് സംഘം പരിശോധന നടത്തി. ഫോറൻസിക് വിദഗ്‌ധരും പരിശോധന നടത്തി.
Most Read: ശിഹാബ് തങ്ങൾ മത മൈത്രിക്ക് വേണ്ടി നിലകൊണ്ട നേതാവ്; ഉമ്മൻ ചാണ്ടി