ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചൈനീസ് അമേരിക്കൻ ലൂസി ഗ്വോ. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും എൻജിനിയറുമായ ലൂസി, ‘സ്കെയിൽ എഐ’ എന്ന നിർമിത ബുദ്ധി അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഐടി കമ്പനിയുടെ ഉടമയാണ്.
30ആം വയസിലാണ് ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ സ്വയാർജിത ശതകോടീശ്വരിയെന്ന നേട്ടം ലൂസി സ്വന്തമാക്കിയത്. 33ആം വയസിൽ ശതകോടേശ്വരിയായ പോപ് ഇതിഹാസം ടെയ്ലർ സ്വിഫ്റ്റിന്റെ പേരിലാണ് രണ്ടുവർഷത്തോളമായി ഈ റെക്കോർഡ്. കഴിഞ്ഞ ദിവസമാണ് ഫോബ്സ് പുതിയ പട്ടിക പുറത്തുവിട്ടത്.
കോളേജ് പഠനം ഉപേക്ഷിച്ചാണ് ലൂസി സംരംഭക രംഗത്തേക്ക് ഇറങ്ങിയത്. 130 കോടി ഡോളറാണ് ലൂസിയുടെ ആകെ ആസ്തി. 21ആം വയസിൽ അലക്സാണ്ടർ വാങ്ങുമായി ചേർന്നാണ് ലൂസി സ്കെയിൽ എഐ സ്ഥാപിച്ചത്. യുഎസിലേക്ക് കുടിയേറിയ ചൈനീസ് കുടുംബത്തിൽ സാൻഫ്രാൻസിസ്കോയിലാണ് ലൂസി ജനിച്ചത്.
മിഡിൽ സ്കൂൾ കാലത്തുതന്നെ കോഡിങ് പഠിച്ചു. കാർണഗി മെല്ലൺ സർവകലാശാലയിൽ പഠിച്ചുകൊണ്ടിരിക്കെ ഒരുലക്ഷം ഡോളറിന്റെ സംരംഭക സ്കോളർഷിപ്പ് ലഭിച്ചു. പിന്നാലെ കോളേജ് പഠനം അവസാനിപ്പിച്ച ലൂസി സ്കെയിൽ എഐ സ്ഥാപിച്ചു.
എന്നാൽ, ഏറെ വൈകാതെ സഹസ്ഥാപകനുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്ന് ലൂസിയെ കമ്പനിയിൽ നിന്ന് പുറത്താക്കി. എങ്കിലും കമ്പനിയിലെ അഞ്ചുശതമാനം ഓഹരി ലൂസിയുടെ കൈവശമുണ്ടായിരുന്നു. ഇതാണ് ലൂസിയെ ശതകോടീശ്വരിയാക്കിയത്.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!





































