കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. ഇന്നലെ രാത്രി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് സമീപം ഇടിഞ്ഞുവീണ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും ഇതേ സ്‌ഥലത്ത് മണ്ണിടിഞ്ഞത്. നേരിയ തോതിലാണ് മണ്ണിടിഞ്ഞതെങ്കിലും റോഡ് ഗതാഗതം യോഗ്യമാക്കുന്ന പ്രവൃത്തിക്ക് ഇത് വെല്ലുവിളിയാണ്.
വീണ്ടും മണ്ണിടിഞ്ഞതോടെ ചുരം ഗതാഗത യോഗ്യമാക്കുന്നത് ഇനിയും വൈകുമെന്നാണ് വിവരം. പ്രതികൂല കാലാവസ്‌ഥയും വെല്ലുവിളിയാണ്. മണ്ണിടിഞ്ഞ ഭാഗത്ത് കനത്ത കോടമഞ്ഞാണുള്ളത്. ഇപ്പോഴും ചുരത്തിലൂടെ പോകുന്നതിനായി ലക്കിടി ഭാഗത്തടക്കം നിരവധി വാഹനങ്ങളാണ് കാത്തുകിടക്കുന്നത്.
നിലവിൽ മണ്ണിടിഞ്ഞ ഭാഗത്തെ റോഡിലേക്ക് പതിക്കാൻ സാധ്യതയുള്ള അടർന്നുനിൽക്കുന്ന പാറക്കഷ്‌ണങ്ങളും മണ്ണും ഫയർഫോഴ്‌സ് വെള്ളം അടിച്ചു താഴേക്ക് എത്തിക്കുകയാണ്. ഇനിയും പാറക്കഷ്‌ണങ്ങൾ താഴേക്ക് വീഴാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് വെള്ളം പമ്പ് ചെയ്യുന്നത്.
24 മണിക്കൂറിലധികമായി താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിലച്ചിരിക്കുകയാണ്. നേരത്തെ ഉച്ചയോടെ ചുരത്തിലെ ഗതാഗതം പുനഃസ്‌ഥാപിക്കാമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. പാറയും മണ്ണും നീക്കം ചെയ്‌ത ശേഷം സുരക്ഷാ പരിശോധന കൂടി നടത്തിയ ശേഷമായിരിക്കും ഗതാഗതം പുനഃസ്‌ഥാപിക്കുകയുള്ളൂവെന്ന് വയനാട് ജില്ലാ കലക്‌ടർ അറിയിച്ചു.
ചൊവ്വാഴ്‌ച വൈകീട്ട് ഏഴുമണിയോടെയാണ് താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ചുരത്തിലെ വ്യൂപോയിന്റിന് സമീപമാണ് കൂറ്റൻ പാറക്കല്ലുകളും മണ്ണും മരങ്ങളും ഇടിഞ്ഞുവീണത്. വ്യൂ പോയിന്റിൽ റോഡിന് ഇടതുവശത്തെ പാറക്കെട്ടുകൾ നിറഞ്ഞ ഭാഗത്തുനിന്ന് കൂറ്റൻ പാറകളും മണ്ണും മരങ്ങളുമെല്ലാം ദേശീയപാതയിലേക്ക് പതിക്കുകയായിരുന്നു.
മീറ്ററുകളോളം ഉയരത്തിൽ വലിയതോതിൽ മണ്ണും പാറകളും വന്നടിഞ്ഞതോടെ ചുരത്തിൽ ഇരുദിശകളിലേക്കും കാൽനട യാത്രപോലും സാധ്യമാകാത്ത തരത്തിൽ ഗതാഗതം പൂർണമായി നിലച്ചു. പിന്നാലെ, ചുരം അടച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നിലവിൽ ആംബുലൻസ് പോലുള്ള ആശുപത്രി ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ മാത്രമേ ചുരത്തിലൂടെ കടത്തിവിടുന്നുള്ളൂ. അല്ലാത്തവ കുറ്റ്യാടി ചുരത്തിലൂടെ മാത്രമായിരിക്കും നടക്കുക.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി








































