ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് കേട്ട സ്‍ഫോടനശബ്‌ദം ബസിന്റെ ടയർ പൊട്ടിയതെന്ന് സ്‌ഥിരീകരണം. മഹിപാൽപുരിലെ റാഡിസൻ ഹോട്ടലിന് സമീപമാണ് ശബ്‌ദം കേട്ടത്. രാവിലെ 9.18നാണ് ഫയർഫോഴ്‌സിന് വിവരം ലഭിച്ചത്. ഡെൽഹി പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തിയതിന് ശേഷമാണ് സ്‌ഥിരീകരണം ഉണ്ടായത്. ഡെൽഹിയിൽ ജാഗ്രത തുടരുകയാണ്.
അതേസമയം, ചെങ്കോട്ടയ്‌ക്ക് പുറമെ നാല് നഗരങ്ങളിൽ സ്‍ഫോടനം നടത്താൻ ഭീകരർ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണ ഏജൻസികൾ വ്യക്‌തമാക്കി. എട്ടുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. രണ്ടു സംഘങ്ങളായി തിരിഞ്ഞ് നാല് നഗരങ്ങളിലേക്ക് പോയി സ്‍ഫോടനം നടത്താനായിരുന്നു പദ്ധതി. ഡെൽഹിയിലെ വിവിധ സ്‌ഥലങ്ങളിലും സ്‍ഫോടനത്തിന് പദ്ധതിയിട്ടു. സംഘത്തിലെ ചിലരെ പിടികൂടി. മറ്റുള്ളവർക്കായി തിരച്ചിൽ നടത്തുകയാണ്.
ബാബറി മസ്‌ജിദ് തകർത്തതിന്റെ വാർഷിക ദിനമായ ഡിസംബർ ആറിന് ആക്രണത്തിന് പദ്ധതിയിട്ടെന്നാണ് കഴിഞ്ഞദിവസം അറസ്‌റ്റിലായവരെ ചോദ്യം ചെയ്‌തതിൽ നിന്ന് ലഭിച്ച വിവരം. ചെങ്കോട്ടയ്‌ക്ക് മുന്നിൽ സ്‍ഫോടനം നടത്തിയ ഡോ. ഉമർ നബിയാണ് സംഘത്തിലെ പ്രധാനിയെന്നാണ് നിലവിലെ വിലയിരുത്തൽ.
പുൽവാമ സ്വദേശി ഡോ. മുസമ്മിൽ അഹമ്മദ് ഗനായി, കുൽഗാം സ്വദേശി ഡോ. അദീൽ, ലക്‌നൗ സ്വദേശിനി ഡോ. ഷഹീൻ എന്നിവരെ സ്ഫോടനത്തിന് മുൻപ് ജമ്മു കശ്‌മീർ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവർ 20 ലക്ഷം രൂപ പിരിച്ചെടുത്ത ഡോ. ഉമറിന് കൈമാറിയിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തി. മുസമ്മിലും ഉമറുമായി സാമ്പത്തിക കാര്യങ്ങളിൽ തർക്കമുണ്ടായിരുന്നതായും കണ്ടെത്തി.
കൂടുതൽ വാഹനങ്ങൾ ഭീകരവാദികൾ വാങ്ങിയിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. തിങ്കളാഴ്‌ച വൈകീട്ട് 6.52നായിരുന്നു ഡെൽഹിയെ നടുക്കിയ സ്‌ഫോടനമുണ്ടായത്. ഡെൽഹിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്‌നി ചൗക്ക് മാർക്കറ്റിലും ജുമാ മസ്‌ജിദിനും സമീപമാണ് സ്‌ഫോടനമുണ്ടായത്. 12 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
Most Read| യുഎസിലെ നീണ്ട അടച്ചുപൂട്ടൽ അവസാനിച്ചു; ബില്ലിൽ ഒപ്പുവെച്ച് ട്രംപ്, ഖജനാവ് തുറന്നു







































