കോഴിക്കോട്: കെപിസിസി അംഗവും സഹകരണ ബാങ്ക് ചെയർമാനുമായ എൻകെ അബ്ദുറഹ്മാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ഡിസിസി അധ്യക്ഷൻ കെ. പ്രവീൺ കുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന കണ്ടെത്തലിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റേതാണ് നടപടി.
ബാങ്ക് ഭരണം അട്ടിമറിക്കാൻ സിപിഎമ്മുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് ഡിസിസി റിപ്പോർട്ടിലുള്ളത്. രണ്ടര പതിറ്റാണ്ടോളം യുഡിഎഫ് ഭരിക്കുന്ന കാരശ്ശേരി സഹകരണ ബാങ്കിനെ സെക്രട്ടറിയോ ജീവനക്കാരോ ഡയറക്ടർമാരോ അറിയാതെ എണ്ണൂറോളം എ ക്ളാസ് അംഗങ്ങളെ പുതുതായി ചേർത്ത് സിപിഎമ്മിന് വിറ്റെന്ന ഗുരുതര ആരോപണമാണ് എൻകെ അബ്ദുറഹ്മാന്റെ പുറത്താക്കലിന് വഴിതെളിച്ചത്.
മലബാറിലെ തന്നെ കൂടുതൽ നിക്ഷേപമുള്ള സഹകരണ സ്ഥാപനങ്ങളിൽ ഒന്നാണ് കാരശ്ശേരി സർവീസ് സഹകരണ ബാങ്ക്. ബാങ്ക് സിപിഎമ്മിന് വിറ്റെന്ന് യുഡിഎഫും ജീവനക്കാരും ആരോപണം ഉന്നയിക്കുന്നതിനിടെ തിങ്കളാഴ്ച വൈകീട്ടോടെ ബാങ്കിന്റെ ഭരണം അഡ്മിനിസ്ട്രേറ്റർ ഏറ്റെടുത്തിരുന്നു. വായ്പാ വിതരത്തിലെ ഗുരുതര വീഴ്ചകൾ ഓഡിറ്റ് റിപ്പോർട്ടിൽ തെളിഞ്ഞതായി കാട്ടിയായിരുന്നു ഇത്.
2027 വരെ കാലാവധി ഉണ്ടായിരുന്ന കോൺഗ്രസിന്റെ നിയന്ത്രണത്തിലുള്ള നിലവിലുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയും ഇതോടെ പിരിച്ചുവിട്ടു. ബാങ്കിന്റെ നെല്ലിക്കാപറമ്പ് ശാഖയിലെ ഏഴ് ജീവനക്കാരുടെ ഐഡി ഉപയോഗിച്ച് അവധി ദിവസമായ ഞായറാഴ്ച പുലർച്ചെ 829 പുതിയ എ ക്ളാസ് അംഗങ്ങളെ ചേർത്തെന്നാണ് പരാതി.
ഭരണസമിതിയെ തിരഞ്ഞെടുക്കാൻ 770 അംഗങ്ങൾ ഉണ്ടായിരുന്നത് ഇതോടെ 1599 ആയി മാറി. എ ക്ളാസ് അംഗമാകാൻ 2500 രൂപയാണ് അംഗത്വ ഫീസ്. ഞായറാഴ്ച മാത്രം 24 ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ ബാങ്കിന്റെ അക്കൗണ്ടിൽ എത്തിയത്. മുക്കം ആസ്ഥാനമായുള്ള ബാങ്കിന് കോഴിക്കോട് ജില്ലയിൽ അഞ്ച് ശാഖയും രണ്ട് ഉപശാഖയുമാണ് ഉള്ളത്.
Most Read| ശബരിമല സ്വർണക്കൊള്ള; എസ്ഐടി കാലാവധി ഒരുമാസം കൂടി നീട്ടി ഹൈക്കോടതി





































