ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്‌ത്തി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ. മോദിയെ പോലൊരു നേതാവ് ഇന്ത്യയുടെ ഭാഗ്യമാണെന്ന് പറഞ്ഞ പുട്ടിൻ, മോദി ജീവിക്കുന്നത് തന്നെ ഇന്ത്യക്ക് വേണ്ടിയാണെന്നും വ്യക്‌തമാക്കി. ഇന്ത്യ ടുഡേക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പുട്ടിന്റെ മോദി പ്രശംസ.
തങ്ങൾക്കിടയിൽ വളരെ വിശ്വസനീയവും സഹൃദപരവുമായ ബന്ധമാണുള്ളത്. അദ്ദേഹം വളരെ വിശ്വസനീയനായ വ്യക്‌തിയാണ്. അദ്ദേഹത്തിന്റെ ഓരോ ശ്വാസത്തിലും ഇന്ത്യയാണെന്നും പുട്ടിൻ കൂട്ടിച്ചേർത്തു. 23ആംമത് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയതായിരുന്നു പുട്ടിൻ. 2021ന് ശേഷമുള്ള അദ്ദേഹത്തിന്റെ ഇന്ത്യൻ സന്ദർശനമാണിത്. റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ച ശേഷമുള്ള ആദ്യ സന്ദർശനവും.
ഇന്ത്യ സന്ദർശനത്തിനായി വ്യാഴാഴ്‌ച വൈകീട്ട് 6.35ന് ഡെൽഹി വ്യോമസേനാ വിമാനത്താവളത്തിലെത്തിയ പുട്ടിനെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രോട്ടോകോൾ മാറ്റിവെച്ച് സ്വീകരിച്ചു. ഒരേ കാറിലാണ് ഇരുവരും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അത്താഴവിരുന്നിന് എത്തിയത്. തുടർന്ന് നടന്ന കൂടിക്കാഴ്‌ചയിൽ ഭഗവത് ഗീതയുടെ റഷ്യൻ പരിഭാഷ മോദി പുട്ടിന് സമ്മാനിച്ചു.
ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ഉച്ചയ്‌ക്ക് 12ന് ഹൈദരാബാദ് ഹൗസിൽ നടക്കും. പ്രതിനിധി സംഘങ്ങളെ ഉൾപ്പെടുത്തിയുള്ള ഉഭയകക്ഷി ചർച്ചകളാണ് നടക്കുക. ഇതിന് ശേഷം ഒരു സംയുക്‌ത പ്രസ്‌താവന, റഷ്യ-ഇന്ത്യ സാമ്പത്തിക സഹകരണത്തിനായുള്ള 2030ലെ രൂപരേഖ, ലിക്വിഡ് റോക്കറ്റ് എൻജിൻ നിർമാണത്തെ കുറിച്ചുള്ള ഒരു മെമ്മോറാണ്ടം തുടങ്ങിയ നിർണായകമായ പല തീരുമാനങ്ങളും ഉണ്ടായേക്കും. ഇന്ന് വൈകീട്ട് പുട്ടിൻ മോസ്‌കോയിലേക്ക് മടങ്ങും.
Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്‌ട്രേലിയയിൽ








































