കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ പ്രശ്‌നബാധിത ബൂത്തുകളുള്ളത് കണ്ണൂർ ജില്ലയിൽ. 2513 പ്രശ്‌നബാധിത ബൂത്തുകളിൽ 1025ഉം കണ്ണൂർ ജില്ലയിലാണ്. സംഘർഷ സാധ്യത മുൻനിർത്തി അയ്യായിരത്തിലധികം പോലീസ് ഉദ്യോഗസ്‌ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.
പ്രശ്‌നബാധിത ബൂത്തുകളിലെല്ലാം വെബ് കാസ്‌റ്റിങ് സംവിധാനം കെൽട്രോൺ മുഖേന നടപ്പാക്കുന്നുണ്ട്. സിറ്റി പോലീസിന് കീഴിൽ 602 ബൂത്തുകളും റൂറൽ പോലീസിന് കീഴിൽ 423 ബൂത്തുകളുമാണുള്ളത്. ഇതിൽ അതീവ പ്രശ്‌ന സാധ്യതയുള്ള ബൂത്തുകൾ ഉൾപ്പെടുന്നു. സിറ്റിയിൽ 2500, റൂറലിൽ 2600 എന്നിങ്ങനെയാണ് പോലീസുകാരെ വിന്യസിച്ചിട്ടുള്ളത്.
125 ദ്രുതകർമസേനയെയും ജില്ലയിൽ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. മാവോയിസ്‌റ്റ് സ്‌ഥലങ്ങളിൽ 150 സ്‌പെഷ്യൽ ടീമിനെയും നിയോഗിച്ചു. പലയിടത്തും സേനകൾ റൂട്ട് മാർച്ച് നടത്തി. ജില്ലയിൽ ആകെ 50 മാവോയിസ്‌റ്റ് ഭീഷണിയുള്ള ബൂത്തുകളാണുള്ളത്. വെബ്‌കാസ്‌റ്റിങ് നടക്കുന്ന പോളിങ് ബൂത്തുകളിൽ തൽസമയ നിരീക്ഷണത്തിന് കലക്‌ട്രേറ്റ് ഓഡിറ്റോറിയത്തിൽ കൺട്രോൾ റൂം സജ്‌ജമാക്കി.
Most Read| കേരളത്തിൽ എസ്‌ഐആർ നടപടികൾ രണ്ടുദിവസത്തേക്ക് കൂടി നീട്ടി സുപ്രീം കോടതി






































