മലപ്പുറം: നിലമ്പൂരിൽ എൽഡിഎഫിൽ നിന്ന് ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്. 36 വാർഡുകളിൽ യുഡിഎഫ് 28 വാർഡുകളിലും എൽഡിഎഫ് ഏഴ് ഇടങ്ങളിലും വിജയിച്ചു. അംഗത്വം കൂട്ടാനുള്ള ബിജെപിയുടെ ശ്രമം ഫലം കണ്ടില്ല. എങ്കിലും ഒരംഗത്തെ നിലനിർത്താൻ ബിജെപിക്ക് സാധിച്ചു.
25 സീറ്റുകൾ വരെ നേടാനാകുമെന്ന പ്രതീക്ഷ യുഡിഎഫ് നേതാക്കൾ പ്രകടിപ്പിച്ചിരുന്നു. ഭരണവിരുദ്ധവികാരം വളരെ ശക്തമായി നിലനിൽക്കുന്നതിനാൽ വോട്ടുകൾ യുഡിഎഫിന് അനുകൂലമാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ. ഗോപിനാഥ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. യുഡിഎഫിന്റെ ഈ വിശ്വാസം ഫലം കണ്ടിരിക്കുകയാണ്.
36 സീറ്റുകളിലും എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ മൽസരിച്ചിരുന്നു. ബിജെപി 15 ഇടങ്ങളിലാണ് മൽസരിച്ചത്. കോൺഗ്രസ് 21 സീറ്റും ലീഗ് ഏഴ് സീറ്റും നേടി. എൽഡിഎഫിൽ സിപിഎം അഞ്ച് സീറ്റും സിപിഐ, കേരള കോൺഗ്രസ് എന്നിവർ ഓരോ സീറ്റ് വീതവും നേടി.
അതേസമയം, നിലമ്പൂരിൽ അഞ്ചിടങ്ങളിൽ തൃണമൂൽ കോൺഗ്രസ് പാർട്ടി സ്ഥാനാർഥികൾ മൽസരിച്ചിരുന്നെങ്കിലും എല്ലാവരും പരാജയപ്പെട്ടു. ഇടതുമായി തെറ്റിയ പിവി അൻവറിന്റെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന് യുഡിഎഫിനൊപ്പം ചേരാൻ താൽപര്യം ഉണ്ടായിരുന്നെങ്കിലും യുഡിഎഫ് അത് പരിഗണിച്ചിരുന്നില്ല. ഒടുവിൽ സ്വതന്ത്രരായി മൽസരിക്കാൻ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞതവണ 22 സീറ്റുകളിലേക്കാണ് ഇടതുപക്ഷം ജയിച്ചത്. യുഡിഎഫ് പത്തും നേടി. ചരിത്രത്തിൽ ആദ്യമായി 2020ൽ ബിജെപി നിലമ്പൂരിൽ ഒരു സീറ്റ് നേടി. അത് ഇത്തവണയും നിലനിർത്താൻ ബിജെപിക്ക് സാധിച്ചു.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്





































