ടൊറന്റോ: കാനഡയിലെ ടൊറന്റോ സർവകലാശാലയിലെ സ്കാർബറോ ക്യാമ്പസിന് (UTSC) സമീപം ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ഗവേഷണ വിദ്യാർഥിയായ ശിവങ്ക് അവസ്തിയാണ് (20) അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ഹൈലാൻഡ് ക്രീക്ക് ട്രയൽ, ഓൾഡ് കിങ്സ്റ്റൺ റോഡ് പ്രദേശത്ത് ഒരാൾ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് പോലീസ് എത്തിയപ്പോഴേക്കും ശിവങ്ക് മരിച്ചിരുന്നു. വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം.
പോലീസ് എത്തുന്നതിന് മുൻപ് തന്നെ പ്രതികൾ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. പ്രതികളെ കണ്ടെത്താനായി പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ശിവങ്ക് അവസ്തിയുടെ ദാരുണമായ മരണത്തിൽ ഇന്ത്യ അതീവ ദുഃഖം രേഖപ്പെടുത്തി. ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്സിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ, വിദ്യാർഥിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകി വരുന്നതായി അറിയിച്ചു.
അന്വേഷണം പുരോഗമിക്കുകയാണെന്നും കോൺസുലേറ്റ് വ്യക്തമാക്കി. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 416-808-7400 എന്ന നമ്പറിലും ക്രൈം സ്റ്റോപ്പേഴ്സ് 416-222- TIPS (8477) എന്ന നമ്പറിലും www.222tips.com എന്ന വിലാസത്തിലും പോലീസിനെ ബന്ധപ്പെടണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.
Most Read| വിവി രാജേഷ് തിരുവനന്തപുരം മേയർ, കൊല്ലത്ത് എകെ ഹഫീസ്




































