തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളത്തിന്റെ പ്രിയനായിക മഞ്ചു വാര്യരാണ് പോസ്റ്റര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തു വിട്ടത്. കേന്ദ്ര കഥാപാത്രങ്ങളെ അവതരിക്കുന്ന സുരാജിനേയും നിമിഷയേയുമാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി വീണ്ടും സംവിധാന കുപ്പായം അണിയുന്ന ചിത്രം കൂടിയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. സംവിധായകന് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്.
ദിലീഷ് പോത്തന് സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായ താരജോഡിയാണ് സുരാജും നിമിഷവും. അവര്‍ വീണ്ടും ഒന്നിക്കുന്ന സിനിമ ആരാധകര്‍ക്കിടയില്‍ വലിയ ആകാംക്ഷയാണ് നല്‍കുന്നത്. ഡിജോ അഗസ്റ്റിന്, ജോമോന് ജേക്കബ്, വിഷ്ണു രാജന്, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാലു കെ തോമസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിംഗും, സൂരജ് എസ് കുറുപ്പ് സംഗീതവും നിര്‍വഹിക്കുന്നു.
Read also : തെലുങ്ക് താരം ചിരഞ്ജീവിക്ക് കോവിഡ്







































