കോവിഡ് ഖബറടക്കം; പ്രചോദനമായി യുവ ഇസ്ലാമിക പണ്ഡിതന്‍

By Desk Reporter, Malabar News
Safwan Hazari Support to Islamic covid death
Representational Image
Ajwa Travels

മലപ്പുറം: കോവിഡ് ബാധിച്ച് മരണമടഞ്ഞ ഇസ്ലാമിക വിശ്വാസികളെ സംസ്‌കരിക്കുന്നതിന് പരിഹാരവുമായി ഓടി നടക്കുകയാണ് യുവ പണ്ഡിതന്‍ സ്വഫ്-വാന്‍ അസ്ഹരി. കോവിഡിന്റെ ആദ്യ ഘട്ടത്തില്‍, ഖബറടക്കത്തില്‍ നിന്ന് ഭയന്ന് മാറി നിന്നിരുന്നു വിശ്വാസി സമൂഹം. എന്നാല്‍, മലബാര്‍ മേഖലയില്‍ ഇന്നത് ഒട്ടും ഭയമില്ലാത്ത കാര്യമായി മാറിയിരിക്കുന്നു.

Safwan Ashari
Safwan Ashari

എനിക്ക് ഓടിയെത്താന്‍ കഴിയുന്ന ഏതെങ്കിലും ഒരു സ്ഥലത്ത് ആചാരപ്രകാരമുള്ള ഖബറടക്കം ഒരാള്‍ക്ക് നഷ്ടമായാല്‍ അതിന് ഞാന്‍ നാളെ പരലോകത്ത് ഉത്തരം പറയേണ്ടി വരും; സ്വഫ്-വാന്‍ അസ്ഹരി

ജില്ലയിലിപ്പോള്‍ കോവിഡ് രോഗം മൂലം മരണമടയുന്ന ഓരോ വിശ്വാസിക്കും മതം അനുശാസിക്കുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ടുള്ള ഖബറടക്കം ലഭിക്കുന്നുണ്ട്. ഈ നിലയിലേക്ക് ജില്ലയേയും സമീപ ദേശങ്ങളെയും പരിവര്‍ത്തനം ചെയ്യിപ്പിച്ചതില്‍ ഈ യുവ പണ്ഡിതന്റെ പങ്ക് ചെറുതല്ല. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള ഇദ്ദേഹം മുസ്ലിം യുവജന സംഘടനയായ എസ് വൈ എസിന്റെ ഈസ്റ്റ് ജില്ലാ സാന്ത്വനം കോ-ഓഡിനേറ്റര്‍ കൂടിയാണ്.

കോഴിക്കോട് ജില്ലയിലെ മാവൂരില്‍ കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ഖബറടക്കവുമായി ബന്ധപ്പെട്ട് പ്രശ്നം പത്രത്തില്‍ വന്നിരുന്നു. റിയാദില്‍ നിന്നെത്തിയ സുലൈഖ എന്ന ഈ സ്ത്രീ ഹൃദ്രോഗികയായിരുന്നു. ഇവര്‍ മരണപ്പെട്ടപ്പോള്‍, ബന്ധുക്കളുടെ ആവശ്യപ്രകാരം മാവൂര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ത്തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് സംസ്‌ക്കരിക്കാന്‍ ജില്ലാ ഭരണം കൂടം അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ അവസാന നിമിഷം പ്രദേശവാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് കണ്ണമ്പറമ്പിലേക്ക് മാറ്റാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചു. ഇത്തരത്തില്‍ എത്രയോ സംഭവങ്ങള്‍. ഇതൊക്കെ എല്ലാ വിശ്വാസികളെയും ചിന്തിപ്പിക്കേണ്ട കാര്യമാണ്.

‘കോവിഡ് ബാധിച്ച് മരിക്കുന്ന ഇസ്ലാമിക വിശ്വാസികള്‍ക്ക് ആചാരപ്രകാരമുള്ള ഖബറടക്കം നഷ്ടമായാല്‍ അതിന് ഓരോ ഇസ്ലാമിക വിശ്വാസിയും ഉത്തരവാദികളാണ്’ എന്നാണ് ഇദ്ദേഹത്തിന്റെ വിശ്വാസ പക്ഷം. എനിക്ക് ഓടിയെത്താന്‍ കഴിയുന്ന ഏതെങ്കിലും ഒരു സ്ഥലത്ത് ആചാരപ്രകാരമുള്ള ഖബറടക്കം ഒരാള്‍ക്ക് നഷ്ടമായാല്‍ അതിന് ഞാന്‍ നാളെ പരലോകത്ത് ഉത്തരം പറയേണ്ടി വരും; ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിശ്വാസം ഉള്ളത് കൊണ്ട് തന്നെ, ‘കോവിഡ് ബാധിച്ച് മരണമടഞ്ഞ ഒരു ഇസ്ലാമിക വിശ്വാസിയെ എങ്ങിനെ ഖബറടക്കാം’ എന്ന വിഷയത്തില്‍ നിരന്തര പരിശീലനവും പിന്തുണയും നല്‍കാനായി ഓടി നടക്കുകയാണ് ഈ യുവ പണ്ഡിതന്‍. മലബാറിലെ രണ്ടു ജില്ലകളിലായി മൂന്ന് പരിശീലന പരിപാടി ഇന്നുമുണ്ടായിരുന്നു ഈ മനുഷ്യ സ്നേഹിക്കെന്ന് പറയുമ്പോള്‍ എത്രമാത്രം ഗൗരവം ഉള്ളതാണ് ഏറ്റെടുത്തിരിക്കുന്ന വിഷയമെന്ന് മനസ്സിലാക്കാം.

പാലക്കാട് ജില്ലയിലെ തൃത്താലയിലും പട്ടാമ്പിയിലും കൊപ്പത്തും യുവജനതക്ക് പരിശീലനം നല്‍കിയ ശേഷം സ്വദേശമായ നിലമ്പൂരിലേക്കുള്ള മടക്ക യാത്രക്കിടയിലാണ്, രാത്രി 10 മണിയോടെ മലബാര്‍ ന്യൂസ് ഇദ്ദേഹത്തെ ബന്ധപ്പെടുന്നത്. അദ്ദേഹം പറഞ്ഞത്, ‘ഞാന്‍ നേരെ വീട്ടിലേക്കല്ല; മയ്യിത്ത് മറവു ചെയ്യാനായി പോകുകയാണ്. 67 വയസ്സുള്ള ഫാത്തിമക്കുട്ടിയുടെ ബന്ധുമിത്രാദികള്‍ കാത്തിരിക്കുകയാണ്. വണ്ടൂര്‍ പള്ളിക്കുന്ന് മസ്ജിദിലാണ് ഖബറടക്കേണ്ടത്. ഞാന്‍ ചെന്നിട്ട് വേണം മൃതദേഹം എടുക്കാന്‍.’ ഇസ്ലാമിക വിശ്വാസ പ്രകാരമുള്ള ഖബറടക്കം ഉറപ്പ് വരുത്താന്‍ കഴിയുന്ന രീതിയിലെല്ലാം ഇദ്ദേഹം ശ്രമിക്കുന്നു.

കോവിഡ് സ്ഥിരീകരിച്ച മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് ശ്മശാനങ്ങള്‍ അനുവദിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്ന ഒരു ഘട്ടത്തിലാണ് ഞാനീ ദൗത്യം ഏറ്റെടുക്കുന്നത്. ആദ്യ പരിശ്രമം, ഓരോ വിശ്വാസികളെയും ശാസ്ത്രീയ യാഥാര്‍ത്ഥ്യങ്ങളും ഇത്തരം സാഹചര്യത്തില്‍ പാലിക്കേണ്ട മതപരമായ മര്യാദകളും പറഞ്ഞ് ബോധ്യപ്പെടുത്തുക എന്നതായിരുന്നു. ഇതിനായി വിവിധ തരത്തിലുള്ള ബോധവല്‍ക്കരണവും പ്രായോഗിക പരിശീലനക്ലാസുകളും ആരംഭിച്ചു. മലബാറിലെ ഓരോ ഗ്രാമങ്ങളിലും ശക്തമായ സ്വാധീനമുള്ള എസ് വൈ എസ് സംഘടന വലിയൊരു സഹായമായിരുന്നു ഈ ഘട്ടത്തില്‍. അതിലുള്ള ചെറുപ്പക്കാരെല്ലാം നല്ല ദീനിബോധവും ഒപ്പം സാമൂഹിക ഉത്തരവാദിത്തവും ഉള്ളവരാണ്. അത് കൊണ്ട് ഇവരെ പറഞ്ഞു മനസ്സിലാക്കല്‍ എളുപ്പമായിരുന്നു. ഇതിലെ യുവാക്കളെ പരിശീലിപ്പിച്ച് സന്നദ്ധരാക്കിയത് വലിയ ഗുണം ചെയ്തു. ഇപ്പോള്‍ അവരവരുടെ ദേശത്തെ കാര്യങ്ങള്‍ അവര്‍ നോക്കിക്കോളും. സ്വഫ്-വാന്‍ അസ്ഹരി പറഞ്ഞു നിറുത്തി.

മതപരമായ ചടങ്ങുകളോടെ തന്നെ ഉറ്റവരുടെ അന്ത്യ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതില്‍ മൃതദേഹത്തിന്റെ ബന്ധുക്കള്‍ക്കും കൂടുംബങ്ങള്‍ക്കും ഏറെ ആശ്വാസവും സമാധാനവുമാണിപ്പോള്‍. സാമൂഹിക പ്രവര്‍ത്തനം ഇദ്ദേഹത്തിന് ഇതില്‍ അവസാനിക്കുന്നതോ ഇതില്‍ തുടങ്ങുന്നതോ അല്ല. ലോക്ക് ഡൗണ്‍ സമയത്ത് സംസ്ഥാനത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലേക്കും അവശ്യമരുന്നുകള്‍ എത്തിക്കുന്നതിനുള്ള സാന്ത്വനം ഹെല്‍പ്പ് ലൈനിലും സജീവമായി രംഗത്തുണ്ടായിരുന്നു.

ഭാര്യ ഷമീനയോടും രണ്ട് മക്കളോടുമൊപ്പം മലപ്പുറം ജില്ലയിലെ അമരമ്പലം കൂറ്റമ്പാറയില്‍ താമസിക്കുന്ന സ്വഫ്-വാന്‍ അസ്ഹരി നിലമ്പൂര്‍ അല്‍-ഐന്‍ കണ്ണാശുപത്രിക്ക് കീഴിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്കോളജിസ്റ്റ് കൂടിയാണ്. കൂടാതെ, സുന്നി വിദ്യാഭ്യാസ ബോര്‍ഡ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍,
ത്വിബിയാന്‍ പ്രീ സ്‌കൂള്‍, എന്നിവയുടെ സംസ്ഥാന അധ്യാപക പരിശീലകന്‍, എസ്.എസ്.എഫ് സംസ്ഥാന ദഅവ സിന്‍ഡിക്കേറ്റംഗം, എസ് വൈ എസ് നിലമ്പൂര്‍ സോണ്‍ ദഅവ കാര്യ സെക്രട്ടറി എന്നീ ചുമതലകളും വഹിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE