ദുബായി: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ‘വര്‍ക്ക് ഔട്ട്’ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. ഐപിഎല്ലില്‍ പങ്കെടുക്കാന്‍ ചെന്നൈ സൂപ്പര്‍കിങ്സ് ടീമിന്റെ ഭാഗമായി യുഎയില്‍ എത്തിയ ജഡേജ മലയാള ഗാനത്തോടൊപ്പം വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയോ ആണ് വൈറല്‍ ആയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. നിമിഷ നേരം കൊണ്ടുതന്നെ ആരാധകര്‍ വീഡിയോ ഏറ്റെടുത്തു.
ദുബായിലെ താജ് ഹോട്ടല്‍ മുറിയില്‍ വ്യായാമം ചെയ്യുന്ന ജഡേജയാണ് വീഡിയോയില്‍. ‘പള്ളിവാള് ഭദ്രവട്ടകം’ എന്നു തുടങ്ങുന്ന മലയാളം നാടന്‍പാട്ടിന്റെ താളത്തിലാണ് ജഡേജ വര്‍ക്ക് ഔട്ട് ചെയ്യുന്നത്. ‘You know you’re in Dubai when you work out to Mallu osngs! @ ravindra.jadeja #WhistlePodu’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ചെന്നൈ ടീമിനു പുറമെ മുംബൈ ഇന്ത്യന്‍സ്, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരബാദ് എന്നീ ടീമുകളും ഐപിഎല്‍ മത്സരങ്ങള്‍ക്കായി യുഎഇയില്‍ എത്തിയിട്ടുണ്ട്. താരങ്ങളെല്ലാം തന്നെ യുഎഇയില്‍ നിന്നുള്ള ചിത്രങ്ങള്‍ഇതിനോടകം ആരാധകരുമായി പങ്കുവെച്ചു കഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റനുമായ വിരാട് കോഹ്ലിയും നേരത്തെ ദുബായിയുടെ പശ്ചാത്തലത്തില്‍ തംസ് കാണിച്ചു നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്തിരുന്നു.
ലോകത്തിലെ തന്നെ മികച്ച ആഢംബര ഹോട്ടലുകളാണ് യുഇയില്‍ താരങ്ങള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ദുബായിലെയും അബുദാബിയിലെയും പരിശീലനത്തിനും വ്യായാമത്തിനും സൗകര്യമുള്ള ഹോട്ടലുകളും റിസോര്‍ട്ടുകളുമാണ് ഇവര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കളിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാനസികോല്ലാസവും പ്രദാനം ചെയ്യുന്ന സുരക്ഷിത താമസ ഇടങ്ങള്‍ കൂടിയാണിവ.
ഏതായാലും മല്ലു പാട്ട് ആസ്വദിച്ച് വര്‍ക്ക് ഔട്ട് ചെയ്യുന്ന ജഡേജ മലയാളികളുടെ മനം കവര്‍ന്നിരിക്കുകയാണ്. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐപിഎല്‍. 53 ദിവസം നീണ്ടുനില്‍ക്കുന്ന മത്സരങ്ങളില്‍ ഉച്ചയ്ക്ക് ശേഷമുള്ളവ 3.30 നും വൈകുന്നേരമുള്ളവ 7.30 നും ആരംഭിക്കും.