തിരുവനന്തപുരം: ബിജെപിയിലെ ആഭ്യന്തര പ്രശ്‌നം പരിഹരിക്കാൻ ആർഎസ്എസിന്റെ ഇടപെടൽ. ശോഭാ സുരേന്ദ്രൻ അടക്കം പാർട്ടിയിൽ ഇടഞ്ഞ് നിൽക്കുന്ന നേതാക്കളുമായി ചർച്ച നടത്താൻ ആർഎസ്എസ് തീരുമാനിച്ചു. ഇതിനായി എഎൻ രാധാകൃഷ്‌ണനെയാണ് ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് ആർഎസ്എസിന്റെ നീക്കം.
ശോഭായടക്കമുള്ള നേതാക്കൾക്കെതിരെ കടുത്ത നടപടികൾ വേണ്ടെന്നും പാർട്ടിയിൽ സജീവമാക്കണമെന്നും ആയിരുന്നു കോർ കമ്മിറ്റി യോഗത്തിന്റെ തീരുമാനം. കേന്ദ്ര പ്രതിനിധി സിപി രാധാകൃഷ്‌ണനും ഇത്തരമൊരു നിർദ്ദേശമാണ് മുന്നോട്ട് വെച്ചത്. എന്നാൽ, ഔദ്യോഗിക പക്ഷം ചർച്ചകൾക്ക് മുൻകൈയെടുക്കാൻ വിമുഖത കാട്ടി. ഇതിനെ തുടർന്ന് ആർഎസ്എസ് ഇടപെടുകയായിരുന്നു.
ജനുവരി 11ന് നടക്കാനിരിക്കുന്ന എക്‌സിക്യൂട്ടീവ് യോഗത്തിന് മുമ്പ് ശോഭായടക്കമുള്ള നേതാക്കളുമായി ചർച്ച പൂർത്തിയാക്കണമെന്ന് സംസ്‌ഥാന വൈസ് പ്രസിഡണ്ടും പാർട്ടിയിലെ വിശ്വസ്‌ഥനുമായ എഎൻ രാധാകൃഷ്‌ണന് ആർഎസ്എസ് നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. എക്‌സിക്യൂട്ടീവ് യോഗത്തിന് ശോഭയെ എത്തിക്കാനാണ് ആർഎസ്എസിന്റെ നീക്കം.
ആർഎസ്എസിന്റെ തീരുമാനത്തെ ബിജെപി ഔദ്യോഗിക പക്ഷം എതിർത്തിട്ടില്ല. എങ്കിലും, തൽകാലം കേന്ദ്ര നിദ്ദേശങ്ങൾക്ക് വഴങ്ങാനാണ് പാർട്ടിയുടെ തീരുമാനം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാർട്ടിയെ സജ്‌ജമാക്കുന്നതിന് തയാറെടുക്കാൻ കോർ കമ്മിറ്റി ആഹ്വാനം ചെയ്‌തിരുന്നു. ഈ സാഹചര്യത്തിൽ എതിർപ്പുകൾ പരമാവധി ഇല്ലാതാക്കാനാണ് ആർഎസ്എസ് നീക്കം.
Also Read: പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം ഏറ്റെടുക്കും; ആര്യാ രാജേന്ദ്രന്‍







































