ദോഹ: ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ പുതുക്കിയതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഒക്ടോബർ 31 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. നേരത്തെ ഓഗസ്റ്റ് 31 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്. ഇതാണ് ഇപ്പോൾ രണ്ടുമാസത്തേക്കു കൂടി നീട്ടി നൽകിയത്. എയർ ബബിൾ കരാർ പ്രകാരം ഓഗസ്റ്റ് 18 മുതലാണ് ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കും തിരിച്ചും വിമാന സർവീസുകൾ ആരംഭിച്ചത്. കരാർ നീട്ടിയത് ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ആശ്വാസകരമാകും.
ഖത്തറിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർ, ഖത്തർ പാസ്പോർട്ടുള്ള ഒസിഐ കാർഡ് ഉടമകൾ, നയതന്ത്രജ്ഞർ ഉൾപ്പെടെയുള്ള ഇന്ത്യൻ വിസയുള്ള ഖത്തർ പൗരന്മാർ എന്നിവർക്കാണ് ഇന്ത്യയിലേക്ക് യാത്രാനുമതി. ഖത്തർ പൗരന്മാർ, ഖത്തർ ഐഡിയുള്ള ഇന്ത്യക്കാർ എന്നിവർക്കാണ് ഇന്ത്യയിൽ നിന്നും ഖത്തറിലേക്കും അനുമതിയുള്ളത്. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സെപ്ഷണൽ റീ എൻട്രി പെർമിറ്റ് ലഭിച്ച ഇന്ത്യൻ പ്രവാസികൾക്കേ മടങ്ങിയെത്താനാവൂ. ഖത്തർ എയർവേയ്സിൽ യാത്ര ചെയ്യാൻ ഐസിഎംആർ അംഗീകൃത ലാബുകളിൽ നിന്നുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റും ക്വാറന്റൈനും നിർബന്ധമാണ്. ക്വാറന്റൈൻ സംബന്ധിച്ച വിശദവിവരങ്ങൾ ഖത്തർ പോർട്ടലിൽ ലഭിക്കും.







































