ന്യൂഡെല്‍ഹി: കോവിഡ് രോഗികളുടെ എണ്ണം ഡെല്‍ഹിയില്‍ കൂടുന്നത് പരിശോധനകള്‍ വര്ധിപ്പിച്ചതിനാലാണെന്ന് മുഖ്യമന്ത്രി. ഡെല്‍ഹിയില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.
കോവിഡിനെ തുടര്‍ന്ന് ഉണ്ടാവുന്ന ഏത് സാഹചര്യത്തെയും നേരിടാന്‍ സര്‍ക്കാര്‍ തയാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് വരുത്തിയത്. പരിശോധന 20,000ത്തില്‍ നിന്ന് 40,000മാക്കിയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. ഇതാണ് രോഗികളുടെ എണ്ണം ഉയരാന്‍ കാരണമെന്നും ആശങ്കക്ക് വകയില്ലെന്നും കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു.
ഡെല്‍ഹിയിലെ കോവിഡ് മരണനിരക്ക് 0.5 ശതമാനം മാത്രമാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കുറവാണ്. കൂടാതെ ഡെല്‍ഹിയില്‍ കോവിഡ് ചികിത്സക്കെത്തുന്നവരില്‍ ഒരു വിഭാഗം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നും ഇവിടെ കോവിഡ് രോഗികള്‍ക്കായി ഒരുക്കിയ കിടക്കകളില്‍ 70 ശതമാനവും ഒഴിഞ്ഞ് കിടക്കുകയാണെന്നും കെജരിവാള്‍ പറഞ്ഞു.







































