മലയാള സിനിമയില്‍ ഒട്ടേറെ ശക്തരായ സ്ത്രീകഥാപാത്രങ്ങള്‍ക്ക് ജീവന് പകര്‍ന്ന മഞ്ജു വാര്യര്‍ക്ക് ഇന്ന് പിറന്നാള്‍. സഹനടിയായി സിനിമാജീവിതം ആരംഭിച്ച മഞ്ജു, ചുരുങ്ങിയ കാലം കൊണ്ടാണ് തന്റേതായ ഇടം മലയാള സിനിമയില്‍ നേടിയെടുത്തത്. വെറും മൂന്ന് വര്‍ഷം കൊണ്ട് ചെയ്ത 20 സിനിമകളാണ് മഞ്ജു വാര്യരെ മലയാളികളുടെ പ്രിയപ്പെട്ട നായികയാക്കി മാറ്റിയത്. വിവാഹശേഷം സിനിമാലോകം വിട്ട മഞ്ജു, 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയപ്പോള്‍ ആരാധകര്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പട്ടം നല്‍കിയാണ് അവരെ സ്വീകരിച്ചത്.
1995ല്‍ പുറത്തിറക്കിയ സാക്ഷ്യം എന്ന സിനിമയിലൂടെയാണ് മഞ്ജു സിനിമാലോകത്തേക്ക് എത്തുന്നത്. പിന്നീട് സല്ലാപം (1996) എന്ന ദിലീപ് ചിത്രത്തിലാണ് മഞ്ജു ആദ്യമായി നായികാവേഷം ചെയ്യുന്നത്. ആറാം തമ്പുരാന്, കന്മദം, കണ്ണെഴുതി പൊട്ടുംതൊട്ട് , സമ്മര്‍ ഇന്‍ ബത്ലഹേം തുടങ്ങി നിരവധി ജനപ്രിയ ചിത്രങ്ങളില്‍ നായികയായി. മലയാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്തായിരുന്നു നടന് ദിലീപുമായുള്ള മഞ്ജുവിന്റെ വിവാഹം.
2014ല്‍ ഹൗ ഓള്‍ഡ് ആര് യൂ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു സിനിമയിലേക്ക് തിരിച്ചെത്തുന്നത്. മലയാളത്തിന് പുറമെ മറ്റു ഭാഷ ചിത്രങ്ങളിലും ഇപ്പോള്‍ സജീവമാണ് മഞ്ജു. തമിഴില്‍ ധനുഷിനോടൊപ്പം ചെയ്ത അസുരന് എന്ന സിനിമ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.







































