പാലക്കാട് : വേനൽ ചൂടിന് ആശ്വാസമായി ജില്ലയിൽ ശക്‌തമായ മഴ പെയ്‌തതിനൊപ്പം ആലിപ്പഴ വീഴ്‌ച അപൂർവ കാഴ്‌ചയായി മാറി. ഇതോടെ 41 ഡിഗ്രി സെൽഷ്യസ് ചൂടിൽ ചുട്ടുപൊള്ളിയിരുന്ന പാലക്കാടുകാർക്ക് ഇത് വലിയ ആശ്വാസമായി മാറി. നഗരത്തിൽ കഴിഞ്ഞ ദിവസം അരമണിക്കൂറോളം നീണ്ടുനിന്ന മഴയിൽ മിക്കയിടങ്ങളിലും ആലിപ്പഴ വീഴ്‌ച ഉണ്ടായി.
തക്കതായ കാരണങ്ങൾ ഉണ്ടായതിനാലാണ് ആലിപ്പഴ വീഴ്‌ച ഉണ്ടായതെന്ന് ഗവേഷകർ വ്യക്‌തമാക്കി. മഴയായി രൂപപ്പെടേണ്ട ജല കണികകൾ തന്നെ ശക്‌തമായ കാറ്റിൽ ഉയർന്ന് കൂടുതൽ മുകളിലേക്ക് പോകുമ്പോഴാണ് അവ തണുത്തുറഞ്ഞ് മഞ്ഞു കട്ടകളായി മാറുന്നത്. ഒരേ സമയം തണുത്തതും ഈർപ്പമുള്ളതുമായ അന്തരീക്ഷം പെട്ടന്ന് രൂപപ്പെടുമ്പോഴാണ് ആലിപ്പഴം സംഭവിക്കുന്നത്.
നീരാവിയെ 40,000 അടി ഉയരത്തിൽ വരെ എത്തിക്കാൻ ശക്‌തമായ കാറ്റിന് സാധിക്കുമെന്നാണ് ശാസ്‍ത്രം പറയുന്നത്. തുടർന്ന് ഉയരത്തിൽ എത്തുന്ന നീരാവി തണുത്തുറഞ്ഞ് ആലിപ്പഴമായി മാറും. ആലിപ്പഴമായി മാറുന്നതോടെ ഇതിന്റെ ഭാരം കാറ്റിന് താങ്ങാൻ സാധിക്കാതെ വരികയും, ഇവ കൂട്ടത്തോടെ ഭൂമിയിലേക്ക് പതിക്കുകയും ചെയ്യുന്നു.
Read also : സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ നിലവിൽ വന്നു



































