കൊച്ചി : അഭയ കേസില്‍ വിചാരണ നീട്ടുന്നതിനെതിരെ സിബിഐ ഹൈക്കോടതിയില്‍. വിചാരണ നടപടികള്‍ ഇനിയും നീട്ടിക്കൊണ്ട് പോകാന്‍ ആകില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു. വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് പ്രതികള്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിനെതിരെയാണ് സിബിഐ നിലപാട് അറിയിച്ചത്. അഭയ കേസ് 27 വർഷം പഴക്കമുള്ള കേസാണ്. കോവിഡ് വ്യാപനം മാത്രം കണക്കിലെടുത്ത് ഇനിയും അതിന്റെ വിചാരണ നീട്ടികൊണ്ട് പോകുന്നത് ഉചിതമായ നടപടി ആയിരിക്കില്ലെന്നും സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു.
വിചാരണ നടന്നേ മതിയാകൂ എന്ന നിലപാടിലാണ് സിബിഐ മുന്നോട്ട് പോകുന്നത്. പ്രായമായ അഭിഭാഷകര്‍ക്ക് വിചാരണയില്‍ പങ്കെടുക്കാന്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഏര്‍പ്പെടുത്താമെന്നും അതിന്റെ ചിലവുകള്‍ സിബിഐ നിര്‍വഹിക്കാമെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി. വിചാരണ നീട്ടികൊണ്ട് പോകുന്നതിനോട് യോജിപ്പ് ഇല്ലെന്നും വിചാരണ നടന്നേ മതിയാകൂ എന്നും കോടതിയും വ്യക്തമാക്കി. കാലത്തിനൊപ്പം മാറാന്‍ തയ്യാറാകണമെന്ന് നിലപാടും കോടതി അറിയിച്ചു. പ്രതിഭാഗം സമര്‍പ്പിച്ച ഹരജിയില്‍ അവരുടെ വാദം കേട്ട ശേഷം ചൊവ്വാഴ്‌ച വിധി പറയുമെന്നും കോടതി അറിയിച്ചു.
Read also : ബാബരി മസ്‌ജിദ് കേസ്; ആസൂത്രിതമല്ല, മുഴുവൻ പ്രതികളും കുറ്റവിമുക്‌തർ







































