കീവ്: റഷ്യയുടെ അധിനിവേശം തുടരുന്നതിനിടെ യുക്രൈനിൽ വാഹനാപകടം. പടിഞ്ഞാറൻ റിവ്നെ മേഖലയിൽ ഉണ്ടായ അപകടത്തിൽ 27 പേരാണ് കൊല്ലപ്പെട്ടത്. മിനിബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അതേസമയം അപകടത്തിൽ പെട്ട് മരണപ്പെടുന്നവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന.
മിനിബസ് ഡ്രൈവർ അടക്കമുള്ള 27 പേരാണ് അപകടത്തിൽ ഇതുവരെ മരണപ്പെട്ടത്. ട്രക്ക് ഡ്രൈവർ രക്ഷപ്പെട്ടെങ്കിലും, ഇയാളുടെ ആരോഗ്യനില നിലവിൽ ഗുരുതരമാണ്. 38 യാത്രക്കാരാണ് ബസിൽ ആകെ ഉണ്ടായിരുന്നത്. ഇവരിൽ 12 പേരാണ് രക്ഷപെട്ടത്. മിനിബസ് ഡ്രൈവറാണ് അപകടം ഉണ്ടാക്കിയതെന്നാണ് അധികൃതർ നൽകുന്ന പ്രാഥമിക നിഗമനം.
അതേസമയം റഷ്യ യുക്രൈനിൽ നടത്തുന്ന അധിനിവേശം മൂന്നാം മാസത്തേക്ക് കടക്കുകയാണ്. യുക്രൈന്റെ തെക്ക്, കിഴക്ക് മേഖലകളിലാണ് നിലവിൽ ആക്രമണം ശക്തമാകുന്നത്. അപകടവുമായി യുദ്ധത്തിന് ഇതുവരെ യാതൊരു ബന്ധവും ആരോപിച്ചിട്ടില്ല. യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയും അപകടത്തിൽ റഷ്യൻ പങ്കിനെ കുറിച്ച് ഇതുവരെ യാതൊരു പരാമർശവും നടത്തിയിട്ടില്ല.
Read also: തൃക്കാക്കര; ഇടതു സ്‌ഥാനാർഥി പ്രഖ്യാപനം ഇന്ന്