കൊച്ചി: നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരിച്ച് ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള. സത്യം ജയിച്ചുവെന്നായിരുന്നു രാമന്‍പിള്ളയുടെ പ്രതികരണം. അതേസമയം കേസില്‍ അന്വേഷണ സംഘം സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ ദു:ഖമോ സന്തോഷമോ ഇല്ലെന്നും എന്നാല്‍ പ്രതി പുറത്തുനില്‍ക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമായിരുന്നു വിഷയത്തില്‍ ബാലചന്ദ്രകുമാറിന്റെ പ്രതികരണം.
“പ്രതി പ്രബലനാണ്. സാധാരണക്കാരനല്ല. പ്രതി പുറത്തുനില്‍ക്കുമ്പോള്‍ കേസ് എങ്ങനെ മുന്നോട്ട് പോകും. കോടതിയോട് അങ്ങോട്ട് നിബന്ധനങ്ങള്‍ വെച്ചാണ് ദിലീപ് വാദപ്രതിവാദം നടത്തിയത്. ഇതൊക്കെ കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമായിരുന്നു. കസ്‌റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചില്ല എന്നുകരുതി അന്വേഷണം അവസാനിക്കുന്നില്ലല്ലോ. കേസില്‍ അന്വേഷണം തുടരുക തന്നെ ചെയ്യും”- ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ജസ്‌റ്റിസ് പി ഗോപിനാഥിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ദിലീപിനും കൂട്ടുപ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. ഉപാധി ലംഘിച്ചാല്‍ അറസ്‌റ്റിന് അപേക്ഷിക്കാമെന്നും ദിലീപിന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യവും വേണം എന്നതാണ് ഉപാധികള്‍.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്. കേസില്‍ ദിലീപ് ആയിരുന്നു ഒന്നാം പ്രതി. സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടിഎന്‍ സുരാജ്, ഡ്രൈവര്‍ അപ്പുവെന്ന കൃഷ്‌ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരാണ് മറ്റുപ്രതികൾ.
Read also: ആന്ധ്രയിൽ കാറും ട്രക്കും കൂട്ടിയിടിച്ചു; 9 മരണം







































