കളക്ഷനിൽ ബസൂക്കയെ പിന്നിലാക്കി യുവതാരനിരയുമായി എത്തിയ ആലപ്പുഴ ജിംഖാന മുന്നേറുന്നു. ആദ്യ ദിനത്തിൽ തന്നെ ഭേദപ്പെട്ട കളക്ഷൻ നേടിയ ചിത്രം ശേഷിക്കുന്ന ദിനങ്ങളിൽ ഇതിൽ നിന്ന് കാര്യമായ മുന്നേറ്റമാണ് ഉണ്ടാക്കിയത്. വിഷുദിനത്തോടെ ഇന്ത്യയിലെ കളക്ഷൻ 10 കോടി കടക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇന്നലെ വരെ എട്ട് കോടിക്ക് മുകളിലാണ് ചിത്രം നേടിയത്.
യുവസമൂഹത്തെ ലക്ഷ്യമിട്ട്, ഖാലിദ് റഹ്‌മാന്റെ സംവിധാനത്തില്‍ നസ്‌ലെന്‍ നായകനായെത്തിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിനിപ്പോള്‍ നായകനായ നസ്‍ലെനെക്കാളും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്, വിനോദയാത്ര സിനിമയിലെ പാലും പഴവും കൈകളിലേന്തി എന്ന പാട്ട് പാടി മലയാള സിനിമാലോകത്തേക്ക് നടന്നുകയറിയ ഗണപതി അവതരിച്ച ദീപക്കേട്ടനെയാണ്.
സിനിമയുടെ മേക്കിങ്ങിനും കാസ്‌റ്റിങ്ങിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഖാലിദ് റഹ്‌മാന്റെ സംവിധാനമികവ് ആവര്‍ത്തിച്ചുവെന്നാണ് അഭിപ്രായങ്ങള്‍. ചെറിയൊരു കഥയെ മനോഹരമായി അവതരിപ്പിച്ചു എന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്. സ്‌പോര്‍ട്‌സ് കോമഡി എന്ന ജോണറിനോട് സിനിമ നീതി പുലര്‍ത്തിയെന്നും അഭിപ്രായങ്ങളുണ്ട്.
ഖാലിദ് റഹ്‌മാന്റെ മുൻചിത്രങ്ങളിൽ ഒന്നായ ‘തല്ലുമാല’ പോലെ ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രമാണ് ജിംഖാന. ലുക്‌മാൻ അവറാനും നസ്‌ലിനും ഗണപതിയുമടങ്ങുന്ന ഒരു കൂട്ടം യുവതാരങ്ങൾ റിങ്ങിലെത്തുന്ന ജിംഖാന കാണികളെ രസിപ്പിക്കും. ചിത്രം കാണാൻ കൗമാരക്കാരാണ് തിയറ്ററുകളിൽ നിറയുന്നത്. കുഞ്ഞുകുഞ്ഞു പ്രണയങ്ങളും വിരഹവും വാശിയും കോമഡി നമ്പറുകളുമൊക്കെയായി കൗമാരക്കാരെ തൃപ്‍തിപ്പെടുത്തുന്ന എല്ലാ ചേരുവകളും സിനിമയിലുണ്ട്.
‘അനുരാഗ കരിക്കിൻവെള്ള’ത്തിലൂടെ പ്രേക്ഷകമനസ് കീഴടക്കിയ ആളാണ് സംവിധായകൻ ഖാലിദ് റഹ്‍മാൻ. ഉണ്ട, ലവ്, തല്ലുമാല തുടങ്ങിയ സിനിമകൾ ഇദ്ദേഹത്തിന്റെ കഥപറച്ചിൽ ശൈലിയുടെ വൈവിധ്യം കാണിച്ചുതന്ന ധൈര്യത്തിലാണ്കൗമാരക്കാർ ഉൾപ്പടെയുള്ള പ്രേക്ഷകർ തിയേറ്ററിൽ എത്തുന്നത്. അതൊരിക്കലും വേസ്‌റ്റായില്ല എന്ന അഭിപ്രയമാണ് മിക്ക പ്രേക്ഷകരും പങ്കുവെയ്‌ക്കുന്നത്.
അതേസമയം, വിഷുവിനെ മുന്നിൽകണ്ട് എത്തിയ മിക്കചിത്രങ്ങളും പരാജയത്തിലേക്കാണ് കൂപ്പുകുത്തുന്നത്. മെഗാസ്‌റ്റാർ മമ്മൂട്ടി, ബേസിൽ ജോസഫ്, നസ്‌ലെൻ തുടങ്ങിയവരുടെ ചിത്രങ്ങളാണ് വിഷു റിലീസായി എത്തിയത്. മമ്മൂട്ടിയുടെ ബസൂക്ക, ബേസിൽ ജോസഫിന്റെ മരണമാസ് എന്നിവയോടും ഇപ്പോഴും തിയേറ്ററിൽ നിന്ന് മാറാത്ത ‘എമ്പുരാനോടും’ പൊരുതിയാണ് ആലപ്പുഴ ജിംഖാന കുതിക്കുന്നത്.
ആദ്യ ദിവസം ഭേദപ്പെട്ട കളക്ഷൻ നേടിയ ചിത്രമായിരുന്നു ബസൂക്ക, പ്രതീക്ഷിച്ച നിലവാരത്തിലേക്ക് പോകാതെ കിതയ്‌ക്കുകയാണ്. ആദ്യദിനത്തിൽ മൂന്ന് കോടി രൂപയിലേറെ നേടിയ ബസൂക്ക സമ്മിശ്ര പ്രതികരണം ലഭിച്ചതോടെ കളക്ഷൻ ഇടിയാൻ ആരംഭിച്ചു.
അവിടെയാണ് ആലപ്പുഴ ജിംഖാന ഭേദപ്പെട്ട കളക്ഷൻ നേടി കാര്യമായ മുന്നേറ്റം ഉണ്ടാക്കുന്നത് ശ്രദ്ധേയമാകുന്നത്. റിലീസ് ചെയ്‌തു മൂന്നാംദിനം എട്ട് കോടി കളക്‌ട് ചെയ്‌ത ചിത്രം നാലാംദിവസം 10 കോടി കടക്കുമെന്ന് ഉറപ്പാക്കിയാണ് കുതിക്കുന്നത്. ഇതോടെ വിഷുവിന് എത്തിയ ചിത്രങ്ങളിൽ ഏറ്റവുമധികം കളക്ഷൻ എന്ന നേട്ടം ആലപ്പുഴ ജിംഖാന നേടുമെന്ന് ഉറപ്പായിട്ടുണ്ട്.
MOST READ | സുപ്രീം കോടതിക്കെതിരെ ‘ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലെന്ന്’ ഗവർണർ