ഇസ്‌ലാമാബാദ്: ആസിഫ് അലി സർദാരിയെ മാറ്റി പകരം അസിം മുനീറിനെ പാക്കിസ്‌ഥാൻ പ്രസിഡണ്ട് ആക്കാനുള്ള നീക്കം നടക്കുന്നതായി റിപ്പോർട്. കഴിഞ്ഞയാഴ്‌ച ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും തമ്മിൽ നടന്ന കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് പാക്കിസ്‌ഥാനിൽ വമ്പൻ രാഷ്‌ട്രീയ അട്ടിമറി നടക്കുന്നെന്ന അഭ്യൂഹങ്ങൾ ഉയർന്നത്.
എന്നാൽ, ഷെഹ്ബാസ് ഷെരീഫ് ഈ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞെങ്കിലും അസിം മുനീറിന്റെ നേതൃത്വത്തിൽ ഒരു അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഈവർഷം ആദ്യം ഗൾഫ്, മധ്യേഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രകളിൽ പാക്കിസ്‌ഥാൻ പ്രധാനമന്ത്രിക്കൊപ്പം പോയ അസിം മുനീർ പിന്നാലെ ശ്രീലങ്കയും ഇന്തൊനീഷ്യയും ഒറ്റയ്‌ക്ക് സന്ദർശിച്ചിരുന്നു.
ഇതോടെയാണ് ഭരണരംഗത്തേക്ക് സൈനിക മേധാവിയുടെ കടന്നുവരവ് ചർച്ചയാകുന്നത്. കഴിഞ്ഞമാസം വൈറ്റ് ഹൗസിൽ വെച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി അസിം മുനീർ കൂടിക്കാഴ്‌ച നടത്തിയിരുന്നു. അയൂബ് ഖാന് ശേഷം പാക്കിസ്‌ഥാന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഫീൽഡ് മാർഷലാണ് അസിം മുനീർ. 1958 ഒക്‌ടോബറിൽ അന്നത്തെ പ്രസിഡണ്ട് ഇസ്‌കന്ദർ മിർസയെ സൈനിക അട്ടിമറിച്ചാണ് അയൂബ് ഖാൻ രാജ്യത്തിന്റെ ആദ്യ സൈനിക ഭരണാധികാരിയായി മാറിയത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!