ന്യൂഡെൽഹി: ഐസിസി ചാംപ്യൻസ് ട്രോഫി കിരീടം ചൂടിയതിന് പിന്നാലെ ഇന്ത്യൻ ടീമിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). രണ്ടു പതിറ്റാണ്ട് പിന്നിട്ട കാത്തിരിപ്പിന് ശേഷം ചാംപ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിന് 58 കോടി രൂപയാണ് ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചത്.
താരങ്ങൾ, പരിശീലകർ, സപ്പോർട്ടിങ് സ്റ്റാഫുകൾ, സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെയുള്ളവർക്കായി തുക വിതരണം ചെയ്യുമെന്ന് ബിസിസിഐ അറിയിച്ചു. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനും ഓരോ താരത്തിനും മൂന്നുകോടി രൂപ വീതം ലഭിക്കും. കോച്ചിങ്, സപ്പോർട്ടിങ് സ്റ്റാഫുകൾക്ക് 50 ലക്ഷം വീതവും, ബിസിസിഐ ഒഫീഷ്യൽസ്, ലോജിസ്റ്റിക് മാനേജേഴ്സ് എന്നിവർക്ക് 25 ലക്ഷം രൂപ വീതവും ലഭിക്കും.
അതേസമയം, ചാംപ്യൻസ് ട്രോഫി കിരീടനേട്ടത്തിന് ഐസിസിയുടെ സമ്മാനത്തുകയായ 20 കോടിയോളം രൂപ, കളിക്കാർക്കിടയിൽ മാത്രം വിതരണം ചെയ്യാമെന്നാണ് ബിസിസിഐയുടെ തീരുമാനം. പാകിസ്ഥാൻ ആതിഥ്യം വഹിച്ച ടൂർണമെന്റിൽ ഇന്ത്യയുടെ എല്ലാ മൽസരങ്ങളും നിഷ്പക്ഷ വേദയെന്ന നിലയിൽ ദുബായിലാണ് നടത്തിയത്. കലാശപ്പോരാട്ടത്തിൽ ന്യൂസിലൻഡിനെ വീഴ്ത്തിയാണ് രോഹിത് ശർമയും സംഘവും കിരീടം ചൂടിയത്.
ടൂർണമെന്റിൽ കളിച്ച 5 മൽസരങ്ങളിലും ജയിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ആദ്യ രണ്ട് മൽസരങ്ങളിൽ ബംഗ്ളാദേശിനെയും പാകിസ്ഥാനെയും ആറ് വിക്കറ്റിന് തോൽപ്പിച്ച ഇന്ത്യ, മൂന്നാം മൽസരത്തിൽ ന്യൂസിലൻഡിനെ 44 റൺസിന് തകർത്തു. സെമി ഫൈനലിൽ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകർത്ത് ഫൈനലിൽ കടന്ന ഇന്ത്യ, ന്യൂസിലൻഡിനെ വീഴ്ത്തി കിരീടം ചൂടി.
ഏറ്റവും ഒടുവിൽ കളിച്ച 24 ഏകദിന, ട്വിന്റി20 മൽസരങ്ങളിൽ 23 ജയവുമായി സ്വപ്നക്കുതിപ്പിലാണ് ഇന്ത്യ. ഇതിനിടെ, 2023ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസീസിനോട് മാത്രമാണ് ഇന്ത്യ തോറ്റത്. തുടർച്ചയായി പത്ത് മൽസരങ്ങളിൽ ജയിച്ച ശേഷമാണ് ലോകകപ്പ് ഫൈനലിൽ ഓസീസിനോട് തോൽവി വഴങ്ങിയത്. ഇതിന് പിന്നാലെ 2024ലെ ട്വിന്റി20 ലോകകപ്പിൽ ഒരു മൽസരം പോലും തോൽക്കാതെ ഇന്ത്യ ചാംപ്യൻമാരായി.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ