കോഴിക്കോട്: പശുക്കടവിൽ കോങ്ങാട് മലയിൽ പശുവിനെ കെട്ടാൻ പോയ ചൂളപറമ്പിൽ ഷീജുവിന്റെ ഭാര്യ ബോബിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വൈദ്യുതാഘാതമേറ്റെന്ന് പോലീസ്. പോസ്‌റ്റുമോർട്ടം നടപടികൾക്ക് ശേഷമാണ് പോലീസിന്റെ സ്‌ഥിരീകരണം. പരിസരത്ത് നിന്ന് വൈദ്യുതി കെണിയുടേതെന്ന് സംശയിക്കുന്ന ഭാഗങ്ങൾ കണ്ടെത്തി.
മൃതദേഹം കണ്ടെത്തിയ കൊക്കോ തോട്ടത്തിലാണ് പിവിസി പൈപ്പ് ഭാഗങ്ങൾ കണ്ടെത്തിയത്. ബോബിയുടെ മൃതദേഹവും വളർത്ത് പശുവിന്റെ ജഡവും സമീപത്താണ് കിടന്നിരുന്നത്. കൊക്കോ മരത്തിൽ വൈദ്യുതി കുടുക്കാൻ സജ്‌ജീകരണം നടത്തിയതായും വിവരമുണ്ട്. മൃതദേഹം കിടന്നതിന് സമീപത്ത് കൂടെ വൈദ്യുതി ലൈൻ കടന്നു പോകുന്നുമുണ്ട്.
15 മീറ്റർ മാത്രം അകലെയാണ് ലൈൻ കടന്നു പോകുന്നത്. പ്രദേശത്ത് കൂടുതൽ പരിശോധന നടത്താനാണ് വനം വകുപ്പിന്റെ നീക്കം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പഞ്ചായത്ത് അംഗം ബാബുരാജ് ആരോപിച്ചു. കുറ്റ്യാടി പശുക്കടവ് ചൂളപ്പറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബിയെ ഇന്നലെ ഉച്ചതിരിഞ്ഞ് ആയിരുന്നു കാണാതായത്.
മേയാൻ വിട്ട വളർത്തു പശു തിരികെ എത്താത്തതിനെ തുടർന്ന് അന്വേഷിച്ച് ഇറങ്ങിയ ബോബിയെ കാണാനില്ലെന്ന് സ്‌കൂൾ വിദ്യാർഥികളായ മക്കളാണ് പിതാവ് ഷിജുവിനെ അറിയിച്ചത്. തുടർന്ന് പോലീസും അഗ്‌നിരക്ഷാ സേനയും വനംവകുപ്പും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു.
മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ വനാതിർത്തിയോട് ചേർന്ന് കൊക്കോ തോട്ടത്തിൽ അടുത്തടുത്തായി ബോബിയുടെ മൃതദേഹവും വളർത്തു പശുവിന്റെ ജഡവും കണ്ടെത്തുകയായിരുന്നു. കടുവ പിടികൂടിയതാണോ എന്ന സംശയമായിരുന്നു ആദ്യം ഉണ്ടായതെങ്കിലും ബോബിയുടെ ശരീരത്തിലും പശുവിന്റെ ജഡത്തിലും കാര്യമായ പരിക്കുകൾ ഒന്നും ഇല്ലായിരുന്നു.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി