ന്യൂയോര്‍ക്ക്: കോവിഡ്-19 മഹാമാരിക്കിടെ ന്യൂയോര്‍ക്കില്‍ നിന്നും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍. തലച്ചോര്‍ കാര്‍ന്ന് തിന്നുന്ന സൂക്ഷ്മജീവിയായ അമീബയുടെ സാന്നിധ്യം കുടിവെള്ളത്തില്‍ കണ്ടെത്തിയതായാണ് വാര്‍ത്തകള്‍. ഇതേതുടര്‍ന്ന് പരിഭ്രാന്തിയില്‍ ആയിരിക്കുകയാണ് ടെക്സസിലെ ജനങ്ങള്‍. പല നഗരങ്ങളിലും പൈപ്പു വെള്ളം കുടിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.ടെക്സസിലെ ലേക്ക് ജാക്സണില്‍ അമീബ ബാധിച്ച് ഒരു കുട്ടി മരിച്ചുവെന്ന ബിബിസി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് ജലവിതരണത്തില്‍ തലച്ചോര്‍ കാര്‍ന്ന് തിന്നുന്ന സൂക്ഷ്മജീവിയുടെ സാന്നിധ്യം കണ്ടെത്തിയത്.
അധികൃതര്‍ വെള്ളം അണുവിമുക്തമാക്കിയെങ്കിലും പൈപ്പ് വെള്ളം ഉപയോഗിക്കരുതെന്നും മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്നും പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സെപ്തംബര്‍ എട്ടിന് ജോസിയ മക്കിന്റയര്‍ എന്ന കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് തലച്ചോറില്‍ അമീബ ബാധിച്ചതായി കണ്ടെത്തിയത്. പിന്നീട് മരണപ്പെട്ട കുട്ടിക്ക് ലേക്ക് ജാക്സണില്‍ വിതരണം ചെയ്ത വെള്ളത്തില്‍ നിന്നാണ് രോഗം ബാധിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് പൈപ്പ് വെള്ളം ഉപയോഗിക്കരുതെന്ന് പ്രദേശവാസികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്.
നെഗാലേരിയ ഫൗലര്‍ലി എന്നും അറിയപ്പെടുന്ന ഈ അമീബ തലച്ചോറില്‍ മാരകമായ അണുബാധക്ക് കാരണമാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന അമീബ അവിടെ നിന്ന് തലച്ചോറിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുക. അതുകൊണ്ടുതന്നെ വായയിലൂടെയും മൂക്കിലൂടെയും വെള്ളം ശരീരത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.
ലേക്ക് ജാക്സണ്, ഫ്രീപോര്‍ട്ട്, ആംഗ്ലെറ്റണ്‍, ബ്രസോറിയ, റിച്ച്വുഡ്, ഒയിസ്റ്റര്‍ ക്രീക്ക്, ക്ലൂട്ട്, റോസെന്‍ബെര്‍ഗ് എന്നിവയെയാണ് അമീബ ബാധിത പ്രദേശങ്ങളായി കണ്ടെത്തിയത്. അതേസമയം ലേക്ക് ജാക്സണ് ഒഴികെയുള്ള സ്ഥലങ്ങളില്‍ നിന്ന് മുന്നറിയിപ്പ് നീക്കം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
Read Also: ഇരട്ടകുട്ടികളുടെ മരണം; മനസാക്ഷി മരവിപ്പിക്കുന്നത്- രാഹുൽ ഗാന്ധി
ഇത്തരം കേസുകള്‍ അപൂര്‍വമാണെങ്കിലും ഇതാദ്യമായല്ല സംഭവിക്കുന്നതെന്ന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) പറയുന്നു. സിഡിസി വെബ്സൈറ്റ് അനുസരിച്ച്, യുഎസ് പൊതു കുടിവെള്ള സംവിധാനങ്ങളിലെ പൈപ്പ് വെള്ളത്തില്‍ കണ്ടെത്തിയ അമീബ തെക്കന്‍ ലൂസിയാനയില്‍ 2011 ലും 2013 ലും കണ്ടെത്തിയിരുന്നു. കൂടാതെ 2003 ല്‍ അരിസോണയിലെ ഒരു ജിയോ-തെര്‍മല്‍ കുടിവെള്ള വിതരണ സംവിധാനത്തിലും 1970-80കളില്‍ ഓസ്ട്രേലിയയിലും 2008 ല്‍ പാക്കിസ്താനിലും പൊതു കുടിവെള്ള വിതരണല് ഈ സൂക്ഷ്മണുക്കള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
മസ്തിഷ്കം കാര്‍ന്നു തിന്നുന്ന ഈ ബാക്റ്റീരിയ മണ്ണ്, ചൂടുള്ള തടാകങ്ങള്‍, നദികള്‍, ചൂടുള്ള അരുവികള്‍ എന്നിവയിലാണ് സാധാരണയായി കൂടുതല്‍ കാണപ്പെടുന്നതെന്നാണ് സിഡിസി പറയുന്നത്. എന്നാല്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ ഇവ നീന്തല്‍ക്കുളങ്ങളിലും ഉണ്ടാവാമെന്ന് വിദഗ്ധര്‍ പറയുന്നു.
Read Also: തേജസ്വിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ്