മുംബൈ: മഹാരാഷ്ട്രയിലെ ജയിലുകളിൽ വ്യാപകമായി കോവിഡ് ബാധ കണ്ടെത്തിയതായി ജയിൽ വകുപ്പ്. ഇതുവരെ 1043 തടവുപുള്ളികൾക്കും 302 ജയിൽ ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. 6 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആകെ 818 തടവുകാർക്കും 271 ജയിൽ ജീവനക്കാർക്കും രോഗം ഭേദമായി.
സംസ്ഥാനത്തെ ജയിലുകളിൽ പലയിടത്തും തടവുകാർ പരിധിയിൽ അധികമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏകദേശം 10, 480 പേരെ താത്കാലികമായി പുറത്തേക്ക് വിട്ടിരുന്നു. ഇവരിൽ 2,444 പേർക്ക് പരോൾ അനുവദിക്കുകയും മറ്റുള്ളവർക്ക് നിബന്ധനകളോടെ ജാമ്യം അനുവദിക്കുകയും ചെയ്യുകയായിരുന്നു. ജയിൽ വകുപ്പിലെ ഹൈ പവർ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ഇത്തരമൊരു നടപടി. ജയിലുകളിൽ കോവിഡ് ബാധ ഉണ്ടായാൽ നിയന്ത്രണാതീതമാവും എന്ന വിലയിരുത്തലുണ്ടായിരുന്നു. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ കോവിഡ് ബാധിച്ചു മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 477 പേർക്ക് രോഗബാധ കണ്ടെത്തിയിരുന്നു.
ഇന്നലെ മാത്രം മഹാരാഷ്ട്രയിൽ 8, 493 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ കേസുകളുടെ എണ്ണം 6, 04, 358 ആണ്. 20,265 പേരാണ് മരണപ്പെട്ടത്. മുംബൈയ്ക്ക് പുറമേ പുനെയിലും രോഗബാധ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,829 പുതിയ രോഗികളും 82 മരണങ്ങളുമാണ് പൂനെയിൽ ഉണ്ടായത്. നഗരത്തിൽ ഒരു ദിവസത്തിനുള്ളിൽ രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ മരണസംഖ്യയാണിത്.







































