ന്യൂഡെല്‍ഹി : പ്രതിദിന കണക്കുകളില്‍ താഴ്‌ച ഇല്ലാതെ രാജ്യത്തെ കോവിഡ് കേസുകള്‍. കഴിഞ്ഞ ദിവസവും തുടര്‍ച്ചയായി 95000 ന് മുകളിലാണ് രാജ്യത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. 96551 ആളുകള്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 45 ലക്ഷം കവിഞ്ഞു. 4562414 ആളുകള്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മരണസംഖ്യയിലും കുറവില്ലാതെ തന്നെ തുടരുകയാണ്. 1209 ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്ത് ആകെ 76271 ആളുകളാണ് കോവിഡ് ബാധിച്ചു മരിച്ചത്.
ആകെ രോഗബാധിതരില്‍ 3542663 ആളുകള്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 943480 ആളുകളാണ് നിലവില്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. 77.65 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഒപ്പം തന്നെ 1.67 ശതമാനമാണ് രാജ്യത്തെ ഇപ്പോഴത്തെ മരണനിരക്ക്.
മഹാരാഷ്‌ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഇപ്പോഴും പ്രതിദിന കണക്കുകള്‍ ദിനംപ്രതി ഉയരുന്നത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 60 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്‌ട്രയിൽ മാത്രം ഇന്നലെ 23446 ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്‌ട്രയിൽ ദിനംപ്രതി കേസുകള്‍ കൂടുന്ന സാഹചര്യമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതും ഈ സംസ്ഥാനത്ത് നിന്നാണ്. കര്‍ണാടകയില്‍ 9217 ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ 5282 ആളുകള്‍ക്കും. ഉത്തര്‍പ്രദേശില്‍ ഇന്നലെ മാത്രം 7042 ആളുകളും രോഗബാധിതരായി. ഡെല്‍ഹിയിലും സ്ഥിതി രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി 4000 ന് മുകളിലാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍. ഇന്നലെ 4308 ആളുകള്‍ക്ക് ഡല്‍ഹിയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.