തിരുവനന്തപുരം: സിപിഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പിബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസെന്ന് സിപിഎം സെക്രട്ടറി എ വിജയരാഘവൻ. ബിജെപി വിട്ട് പല പ്രവർത്തകരും ഇടതുപക്ഷത്തേക്ക് എത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നാടിന്റെ സമാധാനം തകർക്കാനുള്ള ഗൂഢാലോചനയാണിതെന്നും എ വിജയരാഘവൻ ആരോപിച്ചു.
സന്ദീപിന്റെ കൊലപാതകത്തിന് പിന്നിൽ ജിഷ്ണു എന്ന ആർഎസ്എസ് പ്രവർത്തകനും മറ്റ് നാല് പേരുമാണെന്ന് പ്രാദേശിക സിപിഎം നേതൃത്വം ആരോപിച്ചിരുന്നു.കേസിൽ മൂന്ന് പേരെ പോലീസ് പിടികൂടി. തിരുവല്ല സ്വദേശികളായ ജിഷ്ണു, പ്രമോദ്, നന്ദു എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്. രാത്രി എട്ട് മണിയോടെ മേപ്രാലിൽ വെച്ചായിരുന്നു സംഭവം.
മാരകമായി മുറിവേറ്റ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്ദീപിന്റെ പോസ്റ്റുമോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും. അതേസമയം, സന്ദീപിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ലയിൽ ഇന്ന് സിപിഎം ഹർത്താൽ ആചരിക്കുകയാണ്. നഗരസഭയിലും അഞ്ച് സമീപ പഞ്ചായത്തുകളിലും രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.
Read also: പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; 2 പേർ പിടിയിൽ







































